പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അല്ലാത്ത ആളുകള്‍ക്ക് പണം കിട്ടുന്നില്ല. മുഖ്യമന്ത്രി പതിരായ പല വാഗ്ദാനങ്ങളും നല്‍കി. എന്നാല്‍ ഒന്നും നടപ്പായില്ല. ഒരു കച്ചവടക്കാരനും ഇതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല. പ്രളയത്തില്‍ അക്കപ്പെട്ടവരെ സംരക്ഷിക്കാനുള്ള നടപടികള്‍ എത്രത്തോളമായി എന്നത് പരിശോദിക്കണം. പുനഃസൃഷ്ടിയെ കുറിച്ചുള്ള രൂപരേഖ പോലും ഇതുവരെയും ആയിട്ടില്ല. മുന്‍കൂര്‍ ജാമ്യം എടുക്കാനായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രളയ ദുരിദാശസത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. വിസമ്മത പത്രം പോലെ കോമാളിത്തം കാണിച്ചു സാലറി ചലഞ്ച് സര്‍ക്കാര്‍ കുളമാക്കി. കേരള പുനര്‍നിര്‍മ്മാണത്തിന് ഉപദേശക ഏജന്‍സിയായ കെപിഎംജിയെ ഏല്‍പ്പിക്കണം എന്നത് മുഖ്യമന്ത്രിയുടെ വാശിയായിരുന്നു. പ്രതിപക്ഷം അത് എതിര്‍ത്തെങ്കിലും മുഖ്യമന്ത്രി അന്ന് അത് കേട്ടില്ല. പ്രളയ പുനഃനിര്‍മാണത്തിന്റെ ഭാഗമായി കേരളത്തില്‍ ഒരു വികസനവും നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.