• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

10 വിദ്യാര്‍ത്ഥികള്‍ വാഹനമിടിച്ച്‌ മരിച്ച കേസ്‌: ഡ്രൈവര്‍ക്ക്‌ 100 വര്‍ഷം തടവ്‌, 10 ലക്ഷം രൂപ പിഴ

പെരുമണ്ണില്‍ 10 വിദ്യാര്‍ഥികള്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക്‌ 100 വര്‍ഷം കഠിനതടവും പത്തുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ അബ്ദുള്‍ കബീറിനെയാണ്‌ (47) കോടതി ശിക്ഷിച്ചത്‌. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി(ഒന്ന്‌) ജഡ്‌ജി പി എന്‍ വിനോദ്‌ ആണ്‌ ശിക്ഷ വിധിച്ചത്‌.

സ്‌കൂള്‍വിട്ടു വരികയായിരുന്ന പെരുമണ്ണ്‌ ശ്രീനാരായണവിലാസം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍ മരിച്ചത്‌. 2008 ഡിസംബര്‍ നാലിന്‌ വൈകിട്ട്‌ 4.15നാണ്‌ സംഭവം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304ാം വകുപ്പ്‌ പ്രകാരം (മനഃപൂര്‍വമല്ലാത്ത നരഹത്യ) ഡ്രൈവര്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി.

ഒരു വിദ്യാര്‍ഥിയുടെ മരണത്തിന്‌ പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. പ്രതിക്ക്‌ പത്തുവര്‍ഷം വീതം 100 വര്‍ഷം തടവുശിക്ഷയാണ്‌ വിധിച്ചത്‌. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. അതിനാല്‍ പത്തുവര്‍ഷം കഠിനതടവ്‌ അനുഭവിക്കണം. പത്തുലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടി തടവ്‌ അനുഭവിക്കണം.

പിഴയടച്ചാല്‍ തുക മരിച്ച വിദ്യാര്‍ഥികളുടെ അവകാശികള്‍ക്ക്‌ നല്‍കണം. വിദ്യാര്‍ഥികളുടെ കുടുംബത്തിന്‌ സഹായധനത്തിന്‌ നിയമനടപടി സ്വീകരിക്കാം. നേരത്തേ സഹായം ലഭിച്ചിട്ടില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഡ്രൈവര്‍ അബ്ദുള്‍ കബീര്‍ സംഭവദിവസം രാത്രി പൊലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

Top