• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തിരികെയെത്തിയ അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ല,കൃത്യമായ മൂല്യം അറിയാനും വ്യാജനോട്ടുകള്‍ കണ്ടെത്താനും ഇപ്പോഴും എണ്ണല്‍ തുടരുന്നതായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 15 മാസം പിന്നിട്ടിട്ടും തിരികെയെത്തിയ നോട്ടുകള്‍ കൃത്യമായി എണ്ണി തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിച്ച നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് എണ്ണല്‍ ഇപ്പോഴും തുടരുന്നതെന്നും ആർബിഐ അറിയിച്ചു.

2016-17 സാമ്ബത്തിക വര്‍ഷത്തിലെ ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച്‌ 15.28 ലക്ഷം കോടി രൂപ ബാങ്കുകളില്‍ മടങ്ങിയെത്തിയിരുന്നു. 2016 നവംബര്‍ 8ലെ കണക്ക് പ്രകാരം 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു ആര്‍ബിഐയുടെ കണക്ക്. എന്നാല്‍ 15.28ലക്ഷം കോടിയാണ് തിരികെ എത്തിയത്. ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താനുണ്ടെന്നും ആര്‍ബിഐ പറയുന്നു.

നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കേണ്ട സമയംകഴിഞ്ഞ് കൊല്ലമൊന്ന് പിന്നിട്ടിട്ടും ഇത് എണ്ണിത്തീര്‍ന്നില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് റിസര്‍വ് ബാങ്ക്. മാത്രമല്ല, എന്ന് തീരുമെന്ന് പറയാനും അവര്‍ക്ക് കഴിയുന്നില്ല. അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപിച്ച നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ട് കണ്ടെത്തുന്നതിനുമാണ് എണ്ണല്‍ ഇപ്പോഴും തുടരുന്നതെന്നാണ് ആര്‍ബിഐ അറിയിച്ചിട്ടുള്ളത്. വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി.

അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ബിഐ തയാറായില്ല. എന്നാല്‍, ഈ പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് ആര്‍ബിഐ പറയുന്നുണ്ട്. അതേസമയം നിരോധിച്ച നോ്ട്ടുകള്‍ മാറ്റി പകരം പുത്തന്‍ നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞുള്ള ഇടപാടുകള്‍ ഇപ്പോഴും നിര്‍ബാധം നടക്കുന്നുണ്ട്.

Top