• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അമേരിക്കയിലെ ആദ്യ ശിവഗിരി മഠത്തിന്റെ ഭൂമി പൂജ കര്‍മം ഡാളസില്‍ നിര്‍വഹിച്ചു

ഡാളസ്: ഡാളസില്‍ അമേരിക്കയിലെ ശിവഗിരി മഠത്തിനു ചരിത്ര മുഹൂര്‍ത്തം. നോര്‍ത്ത് അമേരിക്കയുടെ  ചരിത്രത്തില്‍  ആദ്യമായി  ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ ശിവഗിരി  മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിര്മികുവാന്‍ ഉദ്ദേശിക്കുന്ന ആശ്രമ സമുച്ചയത്തിന്റെ    ഭൂമി പൂജാ കര്‍മം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ഒക്ടോബര്‍ 11 നു വ്യാഴാഴ്ച നടത്തപ്പെട്ടു. ഡാളസ് നഗരത്തിനു സമീപമുള്ള ഗ്രാന്‍ഡ് പ്രയറിയിലെ ആശ്രമ ഭൂമിയില്‍ വെച്ച്  ഗുരുദേവവിവരിചിതമായ ഹോമമന്ത്രത്താല്‍ ശാന്തി ഹവനത്തോടും, മഹാഗുരുപൂജയോടും കൂടി നടത്തപ്പെട്ട പൂജ കര്‍മ്മത്തിനു ധര്‍മ്മ സംഘം  ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം  ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി മുഖ്യ കാര്‍മികത്വം വഹിച്ചു .

ഡാളസ് ഫോര്‍ട്ട് വര്ത്ത മെട്രോപ്ലെക്‌സില്‍ നിന്നും സമീപ  സ്ഥലങ്ങളില്‍നിന്നും എത്തി ചേര്‍ന്ന   ഗുരുഭക്തരുടെ സാന്നിധ്യത്തില്‍ നടന്ന  ചരിത്ര പ്രാധാന്യമുള്ള ഈ പരിപാവനമായ ചടങ്ങില്‍ അമേരിക്കന്‍ ഐക്യ നാടുകളിലെ ന്യൂയോര്‍ക്ക്,  

ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍, അരിസോണ, കാലിഫോര്‍ണിയ, ചിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ നിന്നും വന്നെത്തിയ  പ്രതിനിധികളും പങ്കടുത്തിരുന്നു .

ജാതിയുടെയും, മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ ദിനം തോറും കലുഷിതമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിനു ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഏക ലോക  ദര്‍ശനങ്ങള്‍ ജാതി മത ഭാഷാ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവര്ക്കും പകര്‍ന്നു കൊടുക്കുകയും, ഗുരുദര്‍ശനത്തില്‍  അധിഷ്ഠിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനു വേണ്ടി സ്ഥാപിക്കപ്പെടുന്ന ഈ ആശ്രമ സമുച്ചയം ശിവഗിരിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും ചടങ്ങില്‍ സംസാരിച്ച ഗുരു പ്രസാദ് സ്വാമികള്‍ പറഞ്ഞു.

വടക്കേ അമേരിക്കയില്‍ ഡാളസിലെ ഒരുപറ്റം സജ്ജനങ്ങളുടെ ഗുരുഭക്തിയുടെ നിറവും നിസ്വാര്‍ഥമായ സേവന സന്നദ്ധതയും കൊണ്ടാണ് ഈ ചരിത്രപരമായ ദൗത്യം ഡാലസിന്റെ മണ്ണിലേക്ക് എത്തിച്ചേര്‍ന്നത്. അതിനു ഡാളസ്സിലെ സജ്ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നും ഗുരുപ്രസാദ് സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഫോമ പ്രസിഡന്റ് ശ്രീ. ഫിലിപ്പ് (രാജു) ചാമത്തില്‍, ശ്രീഗുരുവായൂരപ്പന്‍ ടെംപിള്‍ പ്രസിഡന്റ് ശ്രീ.രാമചന്ദ്രന്‍ നായര്‍, കെ എഛ് എന്‍  എ  മുന്‍ പ്രസിഡന്റ് ശ്രീ. റ്റി എന്‍ നായര്‍, വേള്‍ഡ് മലയാളി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Top