അമേരിക്കയിലെ ഫോമാ , കാഞ് (Kanj ) മുതലായ വന്‍ ജനപങ്കാളിത്തമുള്ള സംഘനകളില്‍ സുശക്തമായ നേതൃപാടവത്തിലൂടെ മലയാളി സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ച യുവനേതാവ് ജിബി തോമസ് മോളോപറമ്പില്‍ ഫോമാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങുകയാണ് . ഇമലയാളിക്കു വേണ്ടി ജിബി തോമസുമായി ജിനേഷ് തമ്പി നടത്തിയ അഭിമുഖം .....
1) രണ്ടു വര്‍ഷത്തെ ഫോമാ ജനറല്‍ സെക്രട്ടറി എന്ന പദവിയിലുള്ള പ്രവര്‍ത്തനത്തെ ജിബി തോമസ് സ്വയം എങ്ങനെ വിലയിരുത്തുന്നു ?
ഫോമാ ജനറല്‍ സെക്രട്ടറി എന്ന പദവി ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞതാണ് . കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഫോമാ ഏകദേശം 35 സംഘടനകളില്‍ നിന്നും ഇപ്പോഴത്തെ 75 ഓളം സഘടനകളിലേക്കു വളര്‍ന്നിട്ടുണ്ട്. ഇത് വളരെ ശ്രദ്ധേയവും , ശക്തവുമായ വളര്‍ച്ചയാണ്. സെക്രട്ടറിയുടെ ജോലി സംഘടനയുടെ കെട്ടുറപ്പ് ഉറപ്പാകുന്നതും, സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ ഇടയില്‍ എത്തിക്കേണ്ടതുമായ അഹോരാത്രം പ്രവര്‍ത്തിക്കേണ്ട പദവിയാണ്. സെക്രട്ടറിയുടെ കര്‍മ്മമണ്ഡലങ്ങളില്‍ നിക്ഷിപ്തമായ ഈ വലിയ ഉത്തരവാദിത്വങ്ങളെ ഞാന്‍ നല്ല രീതിയില്‍ നിറവേറ്റി എന്നാണ് കരുതുന്നത്. ചെറിയ രീതിയിലുള്ള കുറ്റങ്ങളും , കുറവുകളും സ്വാഭാവികമായി എന്റ്‌റെ ഭാഗത്തു നിന്നും ഉണ്ടായി കാണും , പക്ഷെ ഫോമാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഈ കഴിഞ്ഞ രണ്ടു വര്‍ഷം സംഘടനയുടെ ക്ഷേമത്തിനായി എന്നാല്‍ ആവും വിധം ഭംഗിയായി പ്രവര്‍ത്തിച്ചു എന്നാണ് പ്രതീക്ഷ
2) ഫോമാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജിബി തോമസ് കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ എന്തെല്ലാമാണ് ?
കണ്‍വെന്‍ഷനുകളില്‍ മാത്രം ശ്രദ്ധ ചെലുത്തി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ നിന്നും മാറ്റം വരുത്തി ഫോമായുടെ വൈവിധ്യമാര്‍ന്ന ജനക്ഷേമത്തിലൂന്നിയ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഫോമയെ സജ്ജമാക്കാനാണ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ ശ്രമിച്ചത്. ഇതില്‍ വിജയിച്ചു എന്ന് തന്നെയാണ് കരുതുന്നത്. അമേരിക്കയിലും, കാനഡയിലും വ്യാപിച്ചു കിടക്കുന്ന ഫോമാ ഏകദേശം ഏഴു ലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തിന്റെ ദൈനംദിന പ്രശ്ങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വളരെ സജീവമായി ഇടപെട്ടു പ്രേശ്‌നപരിഹാരത്തിനും , മലയാളി സമൂഹത്തിന്റെ പൊതുനന്മക്കുമായി നിരന്തരം പ്രവര്‍ത്തിച്ചു. ഓരോ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു കണ്‍വെന്‍ഷനും, പിന്നെ രണ്ടു മൂന്ന് ചെറിയ പരിപാടികളും എന്ന പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ രണ്ടു വര്‍ഷം ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മലയാളി സമൂഹം നേരിടുന്ന പ്രേശ്‌നങ്ങളും, പ്രതിസന്ധികളും പരിഹരിക്കാന്‍ രാപകലില്ലാതെ കൂടുതല്‍ സജീവമായി രംഗത്ത് വന്നു എന്നത് ഒരു വലിയ നേട്ടമായി കരുതുന്നു
3) ഫിലിപ്പ് ചാമത്തില്‍ നേതൃത്വം കൊടുക്കുന്ന പുതിയ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ജിബി എങ്ങനെ നോക്കി കാണുന്നു ?
ഫോമാ ഇപ്പോള്‍ വളരെ ശക്തമായ നിലയിലാണ്. കഴിഞ്ഞ ഫോമാ തെരെഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ഏറ്റവും മിടുക്കരും, പ്രതിഭാസമ്പന്നരും ആയ ആളുകളാണ് മത്സരിച്ചത്. എല്ലാവര്‍ക്കും ജയിക്കാന്‍ സാധിക്കില്ലല്ലോ. രണ്ടു പാനല്‍ ആയാണ് മത്സരിച്ചതെങ്കിലും ഓരോ പാനലില്‍ നിന്നും മൂന്ന് പേര്‍ വീതം തെരെഞ്ഞെടുക്കപെട്ടു എന്നത് ജനങ്ങള്‍ പാനലുകള്‍ക്കു അതീതമായി തങ്ങള്‍ക്കു ഇഷ്ടമുള്ള സ്ഥാനാര്‍ഥികളെ തെരെഞ്ഞെടുത്തു എന്നതിന്റെ നേര്‍കാഴ്ചയാണ്. ഫിലിപ്പ് ചാമത്തില്‍ നേതൃത്വം കൊടുക്കുന്ന പുതിയ ഫോമാ നേതൃത്വം എന്ത് കൊണ്ടും കഴിവുറ്റ , ഊര്‍ജസ്വലരായ കമ്മിറ്റി മെമ്പര്‍മാരാല്‍ സമ്പന്നരാണ്. എക്‌സ് ഓഫിസിയോ എന്ന നിലയില്‍ പുതിയ കമ്മിറ്റിക്കു എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്
4) വരും വര്‍ഷങ്ങളില്‍ ഫോമാ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലകള്‍ ഏതൊക്കെയാണെന്നാണ് ജിബിയുടെ അഭിപ്രായം ?
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോമാ വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചത് എന്ന് നിസംശയം പറയാം. പക്ഷെ സംഘടന എന്ന നിലയില്‍ ഫോമാ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട കര്‍മ്മമണ്ഡലങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് യുവതലമുറയെ കൂടുതലായി സംഘടനയിലേക്ക് ആകര്‍ഷിക്കണം എന്നതാണ് . ഫോമയുടെ ഭാഗത്തു നിന്നും ഇതിലേക്കായി അനേകം പരിപാടികള്‍ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട് .
യൂത്ത് ഫെസ്റ്റിവല്‍, ക്രിക്കറ്റ് ടൂര്‍ണമെന്റ് , യൂണിവേഴ്‌സിറ്റികളില്‍ യൂത്ത് മീറ്റ് , അത് പോലെ ഫോമാ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന യൂത്ത് പ്രൊഫഷണല്‍ മീറ്റ്. ഫോമാ അടുത്തയിടെ യുവാക്കള്‍ക്കായി നടത്തിയ 'സ്വരം' എന്ന ഓണ്‍ലൈന്‍ സംഗീത മത്സരം ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റി. കൂടുതല്‍ സ്‌പോര്‍ട്‌സ്, യൂത്ത് നെറ്റ് വര്‍ക്കിംഗ്, യൂത്ത് ലീഡര്‍ഷിപ് ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട് .ഫോമക്ക് ഇപ്പോള്‍ 12 റീജിയനുകളുണ്ട്. ഈ റീജിയനുകളില്‍ കുട്ടികള്‍ക്കും, കൗമാര പ്രായക്കാര്‍ക്കും, യുവാക്കള്‍ക്കും വലിയ രീതിയില്‍ ലീഡര്‍ഷിപ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് അടുത്ത പത്തു വര്‍ഷത്തില്ലെങ്കിലും നമുക്ക് ഒരു മലയാളി സെനറ്റര്‍, അഥവാ കോണ്‍ഗ്രസ് മാനെ സംഭാവന ചെയ്യുന്നതിന് ഉപകരിച്ചേക്കും. മലയാളി യുവ തലമുറ അമേരിക്കയില്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കൂടുതലായി കടന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഫോമാ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശോഭനമായ ഭാവിക്കു യുവതലമുറയുടെ സംഘടനകളില്‍ കൂടുതലായുള്ള പങ്കാളിത്തം അനിവാര്യമാണ്
5) ഫോമാ, ഫൊക്കാന എന്നീ സംഘടനകളില്‍ അടുത്തെങ്ങും ജിബി ഒരു യോജിപ്പ് പ്രതീക്ഷിക്കുണ്ടോ ? അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമാ, ഫൊക്കാന എന്നീ രണ്ടു സംഘടനകളുടെ ആവശ്യമുണ്ടോ ?
ഫോമാ, ഫൊക്കാന രണ്ടാവാനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നുണ്ട്. ഫോമാ ഫൊക്കാന യോജിപ്പ് നല്ല ഒരു ആശയം തന്നെ, പക്ഷെ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഫോമാ ഫൊക്കാന നേതാക്കള്‍ മലയാളി അഥവാ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ആ പ്രതിസന്ധികളെ ഏക സ്വരമായി നേരിടാന്‍ ശ്രമിക്കുക എന്നുള്ളതാണ് . ഫോമാ, ഫൊക്കാന രണ്ടു സംഘടനയായി നിലകൊള്ളുമ്പോഴും ജനങ്ങളുടെ പൊതുആവശ്യം വരുമ്പോള്‍ സംഘടനാ അഭിപ്രായവ്യതാസങ്ങള്‍ക്കു അതീതമായി ഏക സ്വരമായി അവയെ നേരിടേണ്ടതാണ് . അടുത്തയിടെ കജഇചഅ (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക) വിഭാവനം ചെയ്ത സംഘടനകളുടെ കൂട്ടായ്മ നല്ല ഒരു ആശയം ആണ്. പൊതുവായ പ്രശ്‌നങ്ങളെ നേരിടാന്‍ ഒരു മേശക്കു ചുറ്റും ഇരുന്നു ചര്‍ച്ച ചെയ്തു ഏക സ്വരമായി അവയെ നേരിടാന്‍ സംഘടനകള്‍ സജ്ജരാകണം
6) അമേരിക്കയില്‍ ഇമ്മിഗ്രേഷന്‍ വിഷയങ്ങളില്‍ മലയാളി സംഘടനകള്‍ കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ ? ഫോമാ ഈ കാര്യത്തില്‍ എന്ത് നടപടികളാണ് കൈകൊണ്ടിട്ടുള്ളത് ?
ഇമ്മിഗ്രേഷന്‍ സംബന്ധിച്ചിട്ടുള്ള പ്രശ്‌നങ്ങളില്‍ ഫോമാ കാര്യക്ഷമമായി തന്നെ ഇടപെട്ടിട്ടുണ്ട്. ഞാന്‍ ഉള്‍പ്പെട്ട കഴിഞ്ഞ കമ്മിറ്റിയില്‍ ഒരു
ഫോമാ ഇമ്മിഗ്രേഷന്‍ സെല്‍ തന്നെ രൂപം കൊടുത്തിരുന്നു . ഇമ്മിഗ്രേഷന്‍ സംബന്ധിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയായിരുന്നു അത് .അമേരിക്കയിലും കാനഡയിലും ഏകദേശം ഏഴു ലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ് കണക്ക് . ഈ ഏഴു ലക്ഷത്തില്‍ കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് .ഫോമാ ഈ വിഷയത്തില്‍ അനേകം കോണ്‍ഫറന്‍സ് കോളുകള്‍ സംഘടിപ്പിക്കുകയും , സെനറ്റ് , കോണ്‍ഗ്രസ് ശ്രദ്ധ ആകര്‍ഷിക്കുവാന്‍ കത്തിടപാടുകള്‍ നടത്തുവാനും മുന്‍കൈ എടുത്തിട്ടുണ്ട് . നമ്മുടെ മലയാളി സമൂഹം ഇമ്മിഗ്രേഷന്‍ പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടുവാന്‍ വേണ്ടി കുറച്ചു കൂടി മുഖ്യധാരാ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഭാഗവാക്കാകേണ്ടതുണ്ട്.
ഫോമയുടെ മെമ്പര്‍ അസോസിയേഷന്‍കളോട് ഓണം പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്ഥലത്തെ സെനറ്റ് /കോണ്‍ഗ്രസ് പ്രതിനിധിയെ ക്ഷണിക്കേണ്ടെ ആവശ്യകതയെ പറ്റി അറിയിച്ചിട്ടുണ്ട് . അത് പോലെ 'രജിസ്റ്റര്‍ ടു വോട്ട്' ക്യാമ്പയിന്‍ ഫോമാ ഫലപ്രദമായി സംഘടിപ്പിച്ചിരുന്നു . അമേരിക്കയില്‍ താമസിക്കുന്ന മലയാളികളില്‍ അമേരിക്കന്‍ പൗരത്വം ഉള്ളവര്‍ വളരെ കുറച്ചു ശതമാനമേ വോട്ട് ചെയ്യുന്നുള്ളൂ. ഈ പ്രവണത മാറണം. വോട്ട് ചെയ്താലേ നമ്മുടെ കമ്മ്യൂണിറ്റിയുടെ സ്വരം അമേരിക്കന്‍ രാഷ്ട്രീയരംഗത്തു ഉയര്‍ന്നു വരികയുളൂ,
7) മുഖ്യധാരാ നേതൃനിരയിലേക്ക് കടന്നു വരാന്‍ ജിബിക്കുണ്ടായ പ്രചോദനം എന്തായിരുന്നു ?
കുടുംബപരമായി തന്നെ കാരണവന്മാര്‍ നേതൃപാടവം പ്രദര്‍ശിപ്പിച്ച ഒരു പശ്ചാത്തലത്തിലാണ് വീട്ടില്‍ വളര്‍ന്നത് . സ്‌കൂളിലും, കോളേജിലും നേതൃനിരയില്‍ ഉണ്ടായിരുന്നു . പഠനത്തിന് ശേഷം കേരളത്തിലെ രണ്ടു പ്രധാന യൂണിയനുകളുടെ സംസ്ഥാന അധ്യക്ഷ പദവി നിര്‍വഹിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനവും ഉണ്ടായിരുന്നു . നേതൃനിരയില്‍ സജീവമാകാന്‍ ഒട്ടേറെ നേതാക്കള്‍ സ്വാധീനിച്ചിട്ടുണ്ട് . ആരുടെയും പേരെടുത്തു പറയുന്നില്ല,പക്ഷെ പല വ്യക്തിത്വങ്ങളും ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചിട്ടുണ്ട്
8) ഫോമാ ജനറല്‍ സെക്രട്ടറി ഉത്തരവാദിത്വം നിറവേറ്റാന്‍ കുടുംബത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു
കുടുംബത്തിന്റെ പൂര്‍ണ സഹകരണവും, നല്ല സ്വാധീനവും ഇല്ലാതെ ഒരു സംഘടനയിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.ഞാന്‍ കല്യാണം കഴിച്ചതിനു ശേഷം സംഘടനാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യക്തിയല്ല. കല്യാണത്തിന് മുന്‍പേ സംഘടനകളില്‍ സജീവമായിരുന്നു. ഞാന്‍ ആരാണെന്നു നല്ലവണ്ണം മനസിലാക്കിയാണ് എന്റ്‌റെ ജീവിതപങ്കാളി എന്റ്‌റെ ജീവിതത്തിലേക്ക് കടന്നു വന്നത്. എനിക്ക് കുടുംബത്തില്‍ നിന്നും അകമഴിഞ്ഞ പിന്തുണയാണ് ഇത് വരെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ലഭിച്ചിട്ടുള്ളത്. ഭാര്യ മാര്‍ലി, മക്കള്‍ എലീറ്റ , ആരോണ്‍, ക്രിസ്ത്യന്‍. ഇവരുടെ സ്വാധീനം എന്റ്‌റെ ജീവിതത്തില്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതാണ്
9) ഭാവി പദ്ധതികള്‍ എന്തെല്ലാമാണ് ?
ഞാന്‍ ഇപ്പോള്‍ ന്യൂ ജേഴ്‌സിയില്‍ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു പദവി വഹിക്കുന്നുണ്ട് . ഫോമയുടെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ നിറവേറ്റിയതിനു ശേഷം അമേരിക്കയില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആണ് ആഗ്രഹം
10) പുതിയതായി സംഘടനാപ്രവര്‍ത്തനത്തിലേക്കു കടന്നുവരുന്നവര്‍ക്കായുള്ള ഉപദേശം ?
സംഘടനാപ്രവര്‍ത്തനത്തിന് സമയം അനിവാര്യമാണ്. അത് പോലെ കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധത. മറ്റുള്ളവരുടെ വേദനയില്‍ നമുക്കും പങ്കു ചേരാനുള്ള ഒരു മനസ് വേണം. പഴയതു പോലെയല്ല നല്ലവണ്ണം പ്രവര്‍ത്തിക്കാനും, പ്രസംഗിക്കാനും ഒക്കെ കഴിവുള്ള പോലെ ഇനി നൂതന സാങ്കേതിക വിദ്യകളിലൊക്കെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല പ്രാവീണ്യവും അനിവാര്യമാണ് ....
ന്യൂജേഴ്‌സിയിടെ യുവരത്‌നം ജിബി തോമസ് പറഞ്ഞു നിര്‍ത്തി......