ബാഡ്‌മിന്റണ്‍ കോര്‍ട്ടില്‍ ചൈനീസ് അധീശത്വത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ പി.വി. സിന്ധു. ഇപ്പോഴിതാ ചൈനയില്‍ നിന്ന് ഒരു വന്‍കരാര്‍ സ്വന്തമാക്കിയിരിക്കുകയാണ് സിന്ധു.
ചൈനീസ് സ്‌പോര്‍ട്‌സ് ഉത്‌പന്ന നിര്‍മാതാക്കളായ ലീ നിങ് സിന്ധുവുമായി അമ്പത് കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. നാലു വര്‍ഷത്തേയ്‌ക്കാണ് കരാര്‍. ഒരു ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം ഒപ്പിടുന്ന ഏറ്റവും വലിയ കരാറാണതിത്. ലോക ബാഡ്‌മിന്റണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പ് തുക കൂടിയാണിത്. കഴിഞ്ഞ മാസം ബാഡ്‌മിന്റണ്‍ താരം കെ. ശ്രീകാന്തുമായി ലീ നിങ് 35 കോടി രൂപയുടെ കരാറാണ് ഉണ്ടാക്കിയത്.
ലീ നിങ്ങുമായുള്ള കരാര്‍ അനുസരിച്ച് സിന്ധുവിന് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 40 കോടിയും ബാക്കിയുള്ള പത്ത് കോടി ഉപകരണങ്ങള്‍ക്കുമാണ് ലഭിക്കുക.
പ്രമുഖ സ്‌പോര്‍ട്‌സ് ഉത്‌പന്ന നിര്‍മാതാക്കളായ പ്യൂമ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുമായി നൂറ് കോടി രൂപയുടെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. എട്ട് വര്‍ഷത്തേക്കാണ് കരാര്‍.