ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിലെ ഇടിക്കൂട്ടിൽ കരുത്ത് തെളിയിച്ച് ഇന്ത്യ. പുരുഷൻമാരുടെ 75 കിലോ ഗ്രാം വിഭാഗത്തിൽ വികാസ് കൃഷ്ണനും സ്വർണം. കാമറൂൺ താരം ഡിയൂഡോൺ വിൽഫ്രഡ് സെയിയെ 5-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇതോടെ ഇന്ത്യയുടെ സുവർണ നേട്ടം 25 ആയി.
ഇന്ന് ഗോൾഡ് കോസ്റ്റിലെ ഇടിക്കൂട്ടിൽനിന്നും ഇന്ത്യ മൂന്ന് സ്വർണം ഉൾപ്പെടെ നാല് മെഡലുകളാണ് ഇന്ന് ഇടിച്ചിട്ടത്. ബോക്സിംഗിൽ മേരികോമിന്റെ സ്വർണത്തോടെയായിരുന്നു ഇന്നത്തെ ഇന്ത്യയുടെ സുവർണ കുതിപ്പ് ആരംഭിച്ചത്. വനിതകളുടെ 45-48 കിലോ വിഭാഗത്തിലാണ് മേരികോം സ്വർണം ഇടിച്ചിട്ടത്. അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെയാണ് പരാജയപ്പെടുത്തിയത്. പിന്നാലെ ഇടിക്കൂട്ടിൽനിന്നും ഗൗരവ് സോളങ്കിയും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു. പുരുഷൻമാരുടെ 52 കിലോ വിഭാഗത്തിലായിരുന്നു ഗൗരവ് സോളങ്കിയുടെ സുവർണ നേട്ടം. പുരുഷൻമാരുടെ 49 കിലോ വിഭാഗത്തിൽ അമിത് പങ്കൽ വെള്ളിനേടി.
ഷൂട്ടിംഗ് റേഞ്ചിൽനിന്നും ഇന്ത്യ ഇന്ന് സ്വർണം കരസ്ഥമാക്കി. 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ സഞ്ജീവ് രാജ്പുത്താണ് സ്വർണം നേടിയത്. എന്നാൽ മറ്റൊരു അദ്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയാണ് സ്വർണ നേട്ടത്തോടെ അദ്ഭുതം സൃഷ്ടിച്ചത്. 21 ാമത് കോമണ്‍വെൽത്ത് അത്ലറ്റിക്സിലെ ആദ്യ സ്വർണമാണ് ചോപ്രയുടെ ജാവലിൻ എറിഞ്ഞിട്ടത്. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ആദ്യത്തെ സുവർണ നേട്ടമെന്ന റിക്കാർഡും 86.47 മീറ്റർ ദൂരത്തിനിപ്പുറം വീണു. നാലാം ശ്രമത്തിലാണ് സീസണിലെ മികച്ച ദൂരം കണ്ടെത്തി നീരജ് സ്വർണം നേടിയത്.
കോമണ്‍വെൽത്ത് അത്ലറ്റിക്സിൽ സ്വർണം നേടുന്ന നാലമത്തെ താരമാണ് നീരജ്. 1958ൽ മിൽഖ സിംഗും 2010ൽ കൃഷ്ണ പൂനിയയും 2014ൽ വികാസ് ഗൗഡയുമാണ് ഇതിനുമുൻപ് സ്വർണം നേടിയത്.
ഗുസ്തിയിലും ഇന്ത്യ കരുത്ത് തെളിയിച്ചു. ഇന്ത്യൻ താരങ്ങളായ വിനേഷ് ഫോഗത്തും സുമിത്തുമാണ് ഗുസ്തിപിടിച്ച് സ്വർണം നേടിയത്. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗത്തിന്റെ സ്വർണം. കാനഡ താരം ജെസിക്ക മക്ഡോണൾഡിനെ 13-3നാണ് വിനേഷ് പരാജയപ്പെടുത്തിയത്.
പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തിലാണ് സുമിത്തിന്റെ സുവർണ നേട്ടം. പരിക്കിനെ തുടർന്ന് നൈജിരിയൻ താരം സിനിവി ബോൾടിക് പിന്മാ റിയതോടെയാണ് സുമിത് സുവർണ നേട്ടം കൈവരിച്ചത്.
ടേബിൾ ടെന്നീസിൽ മണിക ബത്രയും സ്വർണം നേടി. ഫൈനലിൽ സിംഗപ്പൂരിന്റെ യൂ മെൻ യൂവിനെ പരാജയപ്പെടുത്തിയാണ് ബത്ര സ്വർണം കരസ്ഥമാക്കിയത്.