• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം: ജലവിഭവ വകുപ്പിന്റെ നാല് വികസനപ്രവര്‍ത്തനങ്ങള്‍ മന്ത്രി മാത്യു ടി തോമസ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജലവിഭവ വകുപ്പിന്റെ നാല് വികസന പ്രവര്‍ത്തനങ്ങള്‍ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് നമ്ബ്യാര്‍ക്കല്‍ അണക്കെട്ടിന്റെയും ട്രാക്ടര്‍വേയും ഉദ്ഘാടനത്തില്‍ റവന്യൂ-ഭവന നിര്‍മാണ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും.

പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ സ്വാഗതവും ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍. സുഗുണന്‍ നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, കളക്ടര്‍ ജീവന്‍ബാബു.കെ., കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. 

മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പയസ്വിനി പുഴയ്ക്കു കുറുകേ പാണ്ടിക്കണ്ടത്ത് ചെറുകിട ജലസേചന വിഭാഗം 20.80 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം രാവിലെ 11-ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നടക്കും. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി. രാമചന്ദ്രന്‍ സ്വാഗതവും കാസര്‍കോട് മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എന്‍.സുഗുണന്‍ നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ., വിവിധ ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ബദിയടുക്ക പഞ്ചായത്തില്‍ ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ പള്ളത്തടുക്ക പുഴയ്ക്കു കുറുകേ കുടുപ്പംകുഴിയില്‍ നിര്‍മിക്കുന്ന വിസിബി കം ഫുട്ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം ഉച്ചയ്ക്ക് 2.30-ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി നിര്‍വഹിക്കും. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ.പി.രവീന്ദ്രന്‍ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ടി. സഞ്ജീവ് നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ., വിവിധ ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ കാസര്‍കോട് മുനിസിപ്പാലിറ്റിക്കും ചെമ്മനാട് ഗ്രാമ പഞ്ചായത്തിനുമായി കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയാണ് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന നാലാമത്തെ പരിപാടി. എന്‍.എ. നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റവന്യൂ-ഭവന നിര്‍മാണമന്ത്രി ഇ. ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ., വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Top