• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഒരു രക്തസാക്ഷിദിനംകൂടി കടന്നുപോവുമ്ബോള്‍ ഇന്ദിരാഗാന്ധി ഉയര്‍ത്തെഴുനേല്‍ക്കുന്നോ

തിരുവനന്തപുരം: ഒരു ഒക്ടോബര്‍ 31 കൂടി കടന്നുപോവുമ്ബോള്‍ ഇന്ദിരാഗാന്ധിയുടെ സ്മരണയില്‍ വീണ്ടും രാജ്യം. ഒരു കാലത്ത് തീര്‍ത്തും വിസ്മൃതിയിലേക്ക് പോയ ഇന്ദിരാഗാന്ധി സോഷ്യല്‍ മീഡിയയിലൂടെ ശക്തമായി തിരച്ചുവരികയാണ്. അടിയന്തരാവസ്ഥയുടെ പേരില്‍ ഏറെ പഴികേട്ട മിസിസ് ഗാന്ധിയുടെ സംഭാവനകള്‍ പക്ഷേ ഇന്ത്യയില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് എഴുത്തുകാരി ശോഭാ ഡേ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കോണ്‍ഗ്രസ് വക്താവ് ദിവ്യസ്പന്ദനയും, രാജസ്ഥാനിലെ കരിസ്മാറ്റിക് നേതാവ് സച്ചിന്‍ പൈലറ്റും അടക്കമുള്ളവര്‍ ഇന്ദിരയുടെ സേവനങ്ങളെ വ്യക്തമാക്കി ഇത്തവണ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഒരു കാലത്ത് തീര്‍ത്തും പഴഞ്ചനായിപ്പോയ ഇന്ദിരാഗാന്ധി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായി തിരിച്ചുരവരികയാണ്.

അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധിയുടെ ജനസമ്മതിയില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയത്. തന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരയ്ക്ക് സുപ്രീംകോടതിയില്‍ പോകാമായിരുന്നു. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ഇന്ദിര ഒരുങ്ങിയത്. അടിയന്തരാവസ്ഥയുടെ കറ ഇന്ദിരയുടെ ജീവിതത്തില്‍ വീഴ്‌ത്തിയ കരിനിഴല്‍ വളരെ വലുതായിരുന്നു. ഇന്ദിരയുടെ ജീവിതത്തിന്റെ നല്ല വശങ്ങളൊക്കെ തന്നെ ഈ നിഴലിന്റെ മറയിലായി. പക്ഷേ അപ്പോഴും അവര്‍ എടുത്തത് ഇടതുനിലപാടുകള്‍ ആയിരുന്നെന്ന് ഇടതുപക്ഷംപോലും പരിഗണിച്ചില്ല. ബാങ്ക് ദേശസാത്കരണവും മതേതരത്വത്തിന്റെ സംരക്ഷണത്തിനായി ഇന്ദിര എടുത്ത കര്‍ശന നിലപാടുകളും സൈലന്റവാലി പോലെ പരിസ്ഥിതി സൗഹാര്‍ദ നടപടികളുമൊക്കെ തന്നെ അടിയന്തരാവസ്ഥയുടെ കറയില്‍ മുങ്ങിപ്പോയി.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ ജനത ഇന്ദിരയെ തിരസ്‌കരിച്ചു. രക്തം കുടിക്കുന്ന കാളിയാണ് ഇന്ദിരയെന്ന് വിധിയെഴുതി. ജീവിതത്തില്‍ ഇന്ദിര ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത് ആ കറുത്തനാളുകളില്‍ സഞ്ജയ് മാത്രമാണ് ഇന്ദിരയുടെ കൂടെയുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് സഞ്ജയ് ഗാന്ധി അവരുടെ ദൗര്‍ബല്യമായി മാറിയതെന്നും നിരീക്ഷിച്ചത് ഇന്ദിരയുടെ അടുത്ത സുഹൃത്തായിരുന്ന പുപുല്‍ ജയ്ക്കറാണ്.പ്രിവിപേഴ്സ് നിര്‍ത്തലാക്കലടക്കമുള്ള രാജാധികാരങ്ങള്‍ പൂര്‍ണമായും എടുത്തുകളഞ്ഞതും ഇന്ദിരാഗാന്ധിയാണ്. കേരളത്തിലെ മല്ലുസോള്‍ജിയേഴസ് അടക്കമുള്ള സൈബര്‍ ഗ്രൂപ്പുകളിലും ഇന്ദിരാഗാന്ധി നിറഞ്ഞു നില്‍ക്കയാണ്. സുവര്‍ണ്ണക്ഷേത്രത്തില്‍ പട്ടാളത്തെ കയറ്റിയ ഇന്ദിരാഗാന്ധിയുടെ നടപടിയൊക്കെ ഓര്‍ത്തുകൊണ്ട് ശബരിമല സമരക്കാലത്ത് ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുകയാണ് പലരും. അതുപോലെ തന്നെ ഇന്ന് ഇന്ത്യയെ ഒരു മതരാഷ്ട്രമായി മാറാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം ഇന്ദിരാഗാന്ധിയില്‍ നിന്നാണ് വന്നത്. അടിയന്തരാവസ്ഥയുടെ മറവിലൂടെ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത്. രാമചന്ദ്രഗുഹയെപ്പോലുള്ളവര്‍ പല തവണ എഴുതിയിട്ടുണ്ട്.

ജനതാ ഭരണത്തിനുശേഷം പക്ഷേ, ഇന്ത്യന്‍ ജനത ഇന്ദിരയെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, പഞ്ചാബില്‍ ഇന്ദിരയ്ക്ക് ചുവടുകള്‍ പിഴച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നതിനുശേഷം ഇന്ദിരയുടെ സുരക്ഷാസന്നാഹത്തില്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇന്ദിരയോട് അടുത്തുനില്‍ക്കുന്ന സുരക്ഷാഭടന്മാരില്‍ സിക്കുകാര്‍ വേണ്ടെന്ന നിര്‍ദ്ദേശം വന്നത് അങ്ങനെയാണ്. ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതിനുപകരം ഇതേക്കുറിച്ച്‌ ഇന്ദിരയുടെ അഭിപ്രായമാരായുകയാണ് ഐ.ബി. മേധാവി ചെയ്തത്. സുരക്ഷ വേണ്ടയാളോട് ചോദിച്ചിട്ടല്ല സുരക്ഷ ഒരുക്കേണ്ടതെന്ന പ്രാഥമിക തത്ത്വമാണ് ഐ.ബി. ചീഫ് മറന്നത്. ഈ നിര്‍ദേശമടങ്ങിയ ഫയല്‍ ഇന്ദിരയുടെ അടുത്തെത്തിയപ്പോള്‍ ഇന്ദിര ഫയലില്‍ കുറിച്ചത്. are we secular .

ബിയാന്ത് സിങ് ഇന്ദിരയുടെ സുരക്ഷാ സേനയില്‍ തുടര്‍ന്നതങ്ങനെയാണ്. വീടിന് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കിയ പ്പോള്‍ റാംജി നാഥ് കാവുവിനോട് ഇന്ദിര പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 'ഒന്നുകൊണ്ടും കാര്യമില്ല. എന്റെ കൊലയാളികള്‍ വരുമ്ബോള്‍ എന്നെ രക്ഷിക്കാനുള്ളവരായിരിക്കും ആദ്യം ഓടിപ്പോവുക.' 1984 ഒക്ടോബര്‍ 31 ന് ഇന്ദിര വെടിയേറ്റു വീണപ്പോള്‍ പിന്നിലായുണ്ടായിരുന്ന സുരക്ഷാ സൈനികരില്‍ പലരും ആദ്യംചെയ്തത് രക്ഷപ്പെടാന്‍ ഓടുകയായിരുന്നു.

 

ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു ഇന്ദിരയുടെ ജിവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഈ നിരീക്ഷണം, മല്‍ഹോത്ര നിഷേധിക്കുന്നില്ല. പക്ഷേ, ഇന്ദിരയുടെ വ്യക്തിത്വത്തിന്റെ അടിത്തറ രൂപപ്പെടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മുത്തച്ഛനായ മോത്തിലാലും അമ്മയായ കമലയുമാണെന്ന് മല്‍ഹോത്ര വ്യക്തമാക്കുന്നു. അലഹബാദിലെ ആനന്ദഭവനില്‍ മോത്തിലാലായിരുന്നു ആദ്യത്തെയും അവസാനത്തെയും വാക്ക്.

 

നെഹ്റുവിന് പെണ്‍കുട്ടിയാണ് പിറന്നതെന്നറിഞ്ഞ് സങ്കടപ്പെട്ട ഭാര്യ സ്വരൂപറാണിയോട് ഇവള്‍ ആണ്‍കുട്ടികളേക്കാള്‍ മിടുക്കിയാവും എന്നാണ് മോത്തിലാല്‍ പറഞ്ഞത്. തന്റെ അമ്മയായ ഇന്ദ്രാണിയുടെ ഓര്‍മയ്ക്കായാണ് മോത്തിലാല്‍ പേരക്കിടാവിന് ഇന്ദിര എന്ന് പേരിട്ടത്. ആരോടും എപ്പോള്‍ വേണമെങ്കിലും ദേഷ്യപ്പെടുമായിരുന്ന മോത്തിലാല്‍ പക്ഷേ, ഇന്ദിരയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന്‍ സദാസന്നദ്ധനായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാതെയാണ് ഇന്ദിര വളര്‍ന്നത്. തിരിച്ചടി കിട്ടിയാല്‍ അതിനെ മറികടക്കുകയെന്നുള്ളതാണ് ഇന്ദിരയുടെ സ്വഭാവം. മക്കള്‍ രാജീവും സഞ്ജയും ഇംഗ്ലണ്ടിലാണ് പഠിച്ചിരുന്നതെന്നതിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ഒരുഘട്ടത്തില്‍ ഇന്ദിര ആലോചിച്ചിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സില്‍ തന്നെ ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന അറിവാണ് ഇന്ദിരയെ ഈ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്.

 

1966 ജനുവരി 24-ന് ലാല്‍ബഹാദുര്‍ ശാസ്ത്രിക്കുശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഇന്ദിരയ്ക്ക് സാധിച്ചത് കോണ്‍ഗ്രസ്സിനുള്ളില്‍ സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട സംഘത്തിന്റെ പിന്തുണ കൊണ്ടാണ്. നിജലിംഗപ്പയും അതുല്യഘോഷും എസ്.കെ. പാട്ടിലും അടങ്ങിയ ഈ സംഘത്തിന്റെ തലവന്‍ പ്രസിഡന്റ് കാമരാജായിരുന്നു. എസ്.കെ. പാട്ടീലിന്റെ നിര്‍ദ്ദേശം കാമരാജ് തന്നെ പ്രധാനമന്ത്രിയാവണമെന്നായിരുന്നു. എന്നാല്‍, ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത താന്‍ പ്രധാനമന്ത്രിയാവാനില്ലെന്ന് കാമരാജ് പറഞ്ഞു. മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കാനായാണ് കാമരാജും കൂട്ടരും ഇന്ദിരയെ പിന്തുണച്ചത്

 

ഇന്ദിര തങ്ങളുടെ നിയന്ത്രണത്തില്‍ തുടരുമെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പൊട്ടിക്കാളി എന്ന അര്‍ഥത്തില്‍ ഗൂംഗി ഗുഡിയ എന്ന് ഇന്ദിരയെ പരിഹസിച്ചത് റാം മനോഹര്‍ ലോഹ്യയാണ്. നെഹ്റുവിന്റെ നിഴലില്‍ വളര്‍ന്ന് കുടുംബാധിപത്യത്തിന്റെ തുണയില്‍ പ്രധാനമന്ത്രിയായ ഇന്ദിര വന്‍പരാജയമാവും. എന്നതായിരുന്നു പൊതുവെയുള്ള ധാരണ. ഇന്ദിരയുടെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ പരിശോധിച്ച പ്രശസ്ത കവി ഡോം മൊറെയസ് ഒരിക്കല്‍ പറഞ്ഞത് ഇന്ദിരയുടെ ലൈബ്രറിയില്‍ നിരവധി പുസ്തകങ്ങളുണ്ടെന്നും എന്നാല്‍, പലതിന്റെയും ഉള്ളില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന പേജുകള്‍ വേര്‍പെടുത്തിയിട്ടില്ലെന്നുമാണ്.

ഇന്ദിര പക്ഷേ, പുസ്തകങ്ങള്‍ വായിച്ചിരുന്നുവെന്ന് തന്നെയാണ് പലരും പറയുന്നത്. ചെറുപ്പത്തില്‍ ജോന്‍ ഓഫ് ആര്‍ക്കായിരുന്നു ഇന്ദിരയുടെ പ്രചോദനമെങ്കില്‍ മുതിര്‍ന്നപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡീഗോളായിരുന്നു ഇന്ദിരയ്ക്ക് ആരാധനയുണ്ടായിരുന്നവരില്‍ ഒരാള്‍. ഫ്രഞ്ച് സന്ദര്‍ശനവേളയില്‍ ഡിഗോളിനോട് സുന്ദരമായ ഫ്രഞ്ചില്‍ തന്നെയാണ് ഇന്ദിര സംസാരിച്ചതും.

 

തന്റെ സൗന്ദര്യത്തെക്കുറിച്ച്‌ ഇന്ദിര ബോധവതിയായിരുന്നു. ഏതാള്‍ക്കുട്ടത്തിലും ഇന്ദിര വേറിട്ടു നിന്നതില്‍ ഈ സൗന്ദര്യത്തിന് വലിയ പങ്കുമുണ്ടായിരുന്നു. തന്റെ മൂക്ക് കുറച്ച്‌ വലുതാണോയെന്ന ചിന്ത ഇന്ദിരയെ ഇടയ്ക്ക് അലട്ടിയിരുന്നു. ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ വെച്ച്‌ കല്ലേറുകൊണ്ട് മൂക്കിന് പരിക്കുപറ്റി ആശുപത്രിയിലായപ്പോള്‍ മൂക്ക് പ്ലാസ്റ്റിക്സ് സര്‍ജറിയിലൂടെ ചെറുതാക്കാന്‍ ഇന്ദിര ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയില്ല.

ഇന്ദിര നെഹ്റുവിന്റെ തണലിലാണ് വളര്‍ന്നത്. പക്ഷെ നെഹ്റുവിന്റെ മരണശേഷം ഇന്ദിരയുടെ യാത്രയത്രയും തനിച്ചായിരുന്നു. 1971-ല്‍ ബംഗ്ലാദേശ് യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ദിരയുടെ നീക്കങ്ങള്‍ ലോകരാഷ്ട്രത്തലവന്മാരെതന്നെ വിസ്മയിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും ഇടപെടുംമുമ്ബ് യുദ്ധം ജയിക്കാനും ഇന്ദിരയ്ക്കായി. ബംഗ്ലാദേശ് യുദ്ധവിജയത്തോടെയാണ് ഇന്ദിര 'ദുര്‍ഗ'യാവുന്നത്. 'ഒരാള്‍ക്കും ഒരു രാഷ്ട്രത്തിനും എന്നെ സമ്മര്‍ദത്തിലാക്കാനാവില്ല' എന്നാണ് ഇന്ദിര ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ടൈം വാരികയോട് പറഞ്ഞത്.

ഇത്തരം ഉറച്ച നിലപാടുകള്‍ തന്നെയാണ് ഇന്ദിരാഗാന്ധിക്ക് വിനയായതും. സുവര്‍ണക്ഷേത്രത്തിലെ നടപടി സിഖ് ലോകത്തെ മൊത്തമായി വെറുപ്പിച്ചു. സിഖുകാരെ സെക്യൂരിറ്റി ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്ന് പലരും പറഞ്ഞിട്ടും ഐബി റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇന്ദിര കേട്ടില്ല.1984 ഒക്ടോബര്‍ 31 ന് രാവിലെ ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ സഫ്ദര്‍ജങ് റോഡിലെ ഒന്നാം നമ്ബര്‍ വസതിയില്‍ നിന്ന് തൊട്ടടുത്തുള്ള അക്‌ബര്‍ റോഡിലെ ഒന്നാം നമ്ബര്‍ വസതിയിലേക്ക് നടക്കാനിറങ്ങിയതിന്റെ പ്രധാനകാരണം ബ്രിട്ടീഷ് നാടകകൃത്ത് പീറ്റര്‍ ഉസ്തിനോവിന്റെ ടെലിവിഷന്‍ സംഘവുമായുള്ള അഭിമുഖമായിരുന്നു. അക്‌ബര്‍ റോഡിലെ ഒന്നാം നമ്ബര്‍ മന്ദിരത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അവിടെയുള്ള വിശാലമായ പുല്‍ത്തകിടിയില്‍ കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി പീറ്റര്‍ ഇന്ദിരയെ കാത്തിരുന്നു.

 

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും ഖലിസ്ഥാന്‍ തീവ്രവാദവും ഇന്ദിരയുടെ ജീവന് ഭീഷണിയുയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ബ്ലൗസിനുള്ളില്‍ ബുള്ളറ്റ് പ്രഫ് ജാക്കറ്റ് ധരിക്കാതെ ആ ദിവസങ്ങളില്‍ ഇന്ദിര പുറത്തിറങ്ങുമായിരുന്നില്ല. പക്ഷേ, അന്ന് ടെലിവിഷന്‍ ഇന്റര്‍വ്യൂവിന് പോവുകയായിരുന്നതുകൊണ്ട് ഇന്ദിര ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണ്ടെന്നുവെച്ചു. വീട്ടിനുള്ളില്‍നിന്ന് ഇറങ്ങി ഒരു മിനിറ്റുകൊണ്ട് ഇന്ദിര വിക്കറ്റ് ഗേറ്റിനടുത്തെത്തി. അവിടെ സബ് ഇന്‍സ്പെക്ടര്‍ ബിയാന്ത്സിങ് നില്‍പ്പുണ്ടായിരുന്നു. കഴിഞ്ഞ ഒമ്ബതുകൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്തിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. ബിയാന്തിന്റെ മറുപടി വെടിയുണ്ടകളുടെ രൂപത്തിലായിരുന്നു. തന്റെ റിവോള്‍വറില്‍നിന്ന് ബിയാന്ത് ഇന്ദിരയുടെ ഉദരത്തിനുനേര്‍ക്ക് നിറയൊഴിച്ചു. ഇന്ദിര നിലത്തു വീണപ്പോള്‍ സത്വന്ത് സിങ് എന്ന കോണ്‍സ്റ്റബിള്‍ തന്റെ സ്റ്റെണ്‍ഗണ്ണില്‍നിന്ന് ഇന്ദിരയുടെ നേര്‍ക്ക് വെടിയുണ്ടകള്‍ തുരുതുരാ ഉതിര്‍ത്തു. ഇന്ദിരയെ അവസാനിപ്പിച്ചു എന്ന് ബോധ്യമായപ്പേള്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ബിയാന്ത് സിങ് പറഞ്ഞു. 'ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ക്ക് ചെയ്യേണ്ടത് നിങ്ങള്‍ക്ക് ചെയ്യാം.' അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളത്തെ അയച്ചതിനുള്ള പ്രതികാരമായിരുന്നു ബിയാന്തും സത്വന്തും നിറവേറ്റിയത്.

Top