• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം ; വീട്ടു തടങ്കല്‍ മതിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഭീമ കൊരെഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മനുഷ്യവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇവരെ ജയിലിലടക്കരുതെന്നും സുപ്രീംകോടതി പ്രത്യേകം നിര്‍ദേശിച്ചു.

അറസ്റ്റിലായ 2 പേര്‍ക്ക് വീട്ടുതടങ്കല്‍ അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും അതേ വ്യവസ്ഥ തന്നെ ബാധകമാക്കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ രേഖകളുടെ നിയമസാധുത പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്കു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ അറസ്റ്റ് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവരുടെ അറസ്റ്റിനെതിരെ കോടതിയെ സമീപിച്ചത്. വ്യാപക പ്രതിഷേധമാണ് നടപടി ക്ഷണിച്ചു വരുത്തിയിട്ടുള്ളത്. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണെന്നും ആരോപിച്ച്‌ ഒട്ടേറെ പ്രമുഖര്‍ രംഗത്തെത്തി. ഭൂരിപക്ഷ ഹൈന്ദവ വാദത്തിനെതിരെ സംസാരിക്കുന്നവരെ കുറ്റവാളികളായി മുദ്രകുത്തുന്ന രീതിയാണ് നടന്നു വരുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ് കുറ്റപ്പെടുത്തി. ജനാധിപത്യാവകാശങ്ങളിന്മേലുള്ള മോദി സര്‍ക്കാരിന്റെ കടന്നു കയറ്റമാണിതെന്ന് ആരോപണമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഭീമ കൊരെഗാവ് സംഘര്‍ഷ കേസില്‍ കഴിഞ്ഞ ജൂണിന് മലയാളി മനുഷ്യാവകാശ പ്രവത്തകന്‍ ഉള്‍പടെ അഞ്ച് പെരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.പിയുടെ പ്രവര്‍ത്തകന്‍ മലയാളിയായ റോണ വില്‍സണ്‍, ദളിത് മാസികയുടെ പത്രാധിപരായ സുധിര്‍ ധാവ് ലെ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേസിന്റെ സുരേന്ദ്ര ഗാഡ് ലിങ്, നാഗ്പൂര്‍ സര്‍വകലാശാല പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവരെയാണ് പൂണെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്.

Top