• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പാലക്കാട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്ന അവധികള്‍ ഇങ്ങനെ; പരീക്ഷകള്‍ മാറ്റി

ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിന്റെയും മഴ കനക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ചില ജില്ലകളില്‍ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. പാലക്കാട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ എല്ലാ ഭാഗത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കളക്ടര്‍ അവധി നല്‍കി. എന്നാല്‍ പ്രൊഫഷണല്‍ കോളെജുകള്‍ക്ക് അവധിയില്ല. പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ തൊടുപുഴ ഒഴിച്ചുള്ള താലൂക്കുകളില്‍ അവധി നല്‍കിയിട്ടുണ്ട്.

എറണാകുളും ജില്ലയില്‍ കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐഎസ്‌ഇ സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗണവാടികള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ പൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്ബ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ അവധിയായിരിക്കും.

ആരോഗ്യ സര്‍വകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ അവസാന വര്‍ഷ ബിഎസ്‌എംഎസ് ബിരുദ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കൊന്നിനും അവധി പ്രഖ്യാപിച്ചിട്ടില്ല. എംജി സര്‍വകലാശാല വെള്ളിയാഴ്ച്ച ഉച്ചയക്ക് ശേഷവും ശനിയാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ ഐടിഐകളില്‍ നാളെയും നാളെകഴിഞ്ഞും നടത്താനിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റിവച്ചു. എല്ലാ പരീക്ഷകളുടേയും പുതുക്കിയ തിയതികള്‍ പിന്നീട് തീരുമാനിക്കും.

Top