• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

തലതാഴ്ത്തി മലയാളികള്‍; കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ റെക്കോഡിട്ട് കേരളം

തൃശൂര്‍: കത്തുവയില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ രോക്ഷം കൊള്ളുന്ന മലയാളികള്‍ ഒന്ന് തിരിഞ്ഞ് നോക്കണം നമ്മുടെ സ്വന്തം കേരളത്തിലേക്ക്. തലതാഴ്ത്താന്‍ തയ്യാറായികൊള്ളൂ, സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 2000 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2015ല്‍ 1583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടത്ത് 2016ല്‍ 2122 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2017ല്‍ ഇത് 2611ലെത്തി. ഈ വര്‍ഷം മൂന്ന് മാസത്തിനിടെ 612 കേസുകളാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഒന്നാംസ്ഥാനം തലസ്ഥാന നഗരിയും തൊട്ടുപിന്നില്‍ കോഴിക്കോടും എറണാകുളവുമാണ്. സമീപത്തുതന്നെ സാംസ്‌കാരിക തലസ്ഥാനവുമുണ്ട്. തിരുവനന്തപുരത്ത് സിറ്റി, റൂറല്‍ പരിധികളിലായി 2016ല്‍ 263 കേസുകളായിരുന്നുവെങ്കില്‍ 2017ല്‍ ഇത് 361ലെത്തി. ഈ വര്‍ഷം മൂന്ന് മാസം പിന്നിടുമ്ബോള്‍ മാത്രം 102 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊല്ലം ജില്ലയില്‍ സിറ്റി റൂറല്‍ പരിധിയിലായി 2016ല്‍ 157 ഉം 2017ല്‍ 259ഉം, ഈ വര്‍ഷം ഇതുവരെയായി 61ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എറണാകുളത്ത് 2016ല്‍ 224 ആയിരുന്നത് 2017ല്‍ 257യായി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 72 കേസുകളായി. തൃശൂരില്‍ 2016ല്‍ 191 ആയിരുന്നു. 2017ല്‍ 184 ആയി കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം മൂന്ന് മാസം പിന്നിടുമ്ബോള്‍ മാത്രം 100ലെത്തി കേസുകള്‍.

മലപ്പുറത്ത് 2016ല്‍ 244ഉം 2017ല്‍ 219ഉം, ഈ വര്‍ഷം ഇതുവരെ 82ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് 2016ല്‍ 170 കേസുകളാണുണ്ടായത്. 2017ല്‍ 274ല്‍ എത്തി. ഈ വര്‍ഷം ഇതുവരെ 75 കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. ഏറ്റവും കുറവ് കേസ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ്.

Top