വര്‍ക്കല: 56-മത് ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന് ശിവഗിരി മഠത്തില്‍ തുടക്കമായി. മൂന്നു ദിവസത്തെ പരിപാടികള്‍ക്കു വേള്‍ഡ് ബുദ്ധിസ്റ്റ് കള്‍ച്ചര്‍ സെന്റര്‍ സ്ഥാപകന്‍ ലാമ ഡോബൂം ദുള്‍ക്കു ദീപം തെളിച്ചു. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ജാതിമത സങ്കല്‍പങ്ങളെ ഇല്ലാതാക്കാന്‍ യത്‌നിച്ച മനുഷ്യസ്‌നേഹിയാണു ശ്രീനാരായണ ഗുരുദേവനെന്നു ലാമ ഡോബൂം ദുള്‍ക്കു അഭിപ്രായപ്പെട്ടു.
ക്ഷേത്രങ്ങള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമാകാതെ വൈജ്ഞാനിക കേന്ദ്രങ്ങളാക്കാനുള്ള ശ്രീനാരയണഗുരുവിന്റെ മാര്‍ഗനിര്‍ദേശം സമാനതകളില്ലാത്തതാണെന്ന് ലാമ പറഞ്ഞു. മനുഷ്യന്റെ ആത്മീയ അടിത്തറ ശക്തിപ്പെടുത്തി നിസ്വാര്‍ഥ സേവനങ്ങളിലൂടെയും ലോകത്തിനു മുന്നില്‍ ആത്മീയതയുടെ കെടാവിളക്കായി തെളിയുന്നതു ഗുരുദേവന്‍ മാത്രമാണെന്നും ലാമ ഡോബൂം ദുള്‍ക്കു പറഞ്ഞു. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തി. മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി ശങ്കരാനന്ദ, ഗുരുധര്‍മ പ്രചാരണസഭ ഉപദേശകസമിതി ചെയര്‍മാന്‍ കുറിച്ചി സദന്‍, സഭ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണാനന്ദബാബു, മാതൃസഭ പ്രസിഡന്റ് വി.എന്‍.കുഞ്ഞമ്മ, ഡോ. സുശീല, ടി.വി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഠനക്ലാസുകളില്‍ സ്വാമി അനപേക്ഷാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശിവസ്വരൂപാനന്ദ എന്നിവര്‍ പ്രസംഗിച്ചു. ദൈവദശകം 102 ഭാഷകളിലേക്കു തര്‍ജമ ചെയ്ത ഗിരീഷ് ഉണ്ണിക്കൃഷ്ണനെയും 52 മണിക്കൂറില്‍ ഗുരുദേവന്റെ ജീവചരിത്ര സിനിമ തയാറാക്കിയ വിജീഷ് മണിയെയും ആദരിച്ചു.
ഇന്നു രാവിലെ ഒന്‍പതു മുതല്‍ പഠന ക്ലാസുകളും രാത്രി എട്ടിനു ബ്രഹ്മവിദ്യാര്‍ഥി സമ്മേളനവും നടത്തും. നാളെ പുലര്‍ച്ചെ മൂന്നിനു ശാരദാമഠത്തില്‍ ശാരദാപ്രതിഷ്ഠയുടെ വാര്‍ഷികപൂജ. തുടര്‍ന്ന് 9.30നു സെമിനാറോടെ സമാപനം.