ലക്നോ: നിര്‍ണായകമായ കൈരാന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനു മുന്നില്‍ ബിജെപി മുട്ടുമടക്കിയപ്പോള്‍ ഉത്തര്‍പ്രദേശിന് പാര്‍ലമെന്റില്‍ ലഭിക്കുന്നത് ആദ്യ മുസ്ലിം എംപിയെ. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ഥിയായ ബീഗം തബസും ഹസന് ജയിച്ചുകയറിയത്. പരാജയപ്പെട്ടത് ബിജെപിയുടെ മൃഗങ്ക സിംഗ്.
2014നുശേഷം ലോക്സഭയില്‍ ഉത്തര്‍പ്രദേശിനു ലഭിക്കുന്ന ആദ്യ മുസ്ലിം പാര്‍ലമെന്റ് അംഗമാണ് തബസും ബീഗം. 20 ശതമാനം മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍നിന്ന്, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഏക മുസ്ലിം എംപി എന്നതാണ് തബസുമിന്റെ വിജയത്തിന്റെ സവിശേഷത.
തബസും 4,81,182 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥി മൃഗങ്ക സിംഗിനു ലഭിച്ചത് 4,36,564 വോട്ടുകള്‍; 44,618 വോട്ടുകളുടെ ഭൂരിപക്ഷം. കൈരാന എംപിയായിരിക്കെ അന്തരിച്ച ഹുക്കും സിംഗിന്റെ മകളാണു മൃഗങ്ക.
2009ല്‍ ബിഎസ്പി ടിക്കറ്റിലാണ് തബസും ആദ്യമായി ലോക്സഭയിലെത്തുന്നത്. ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതിനു പിന്നാലെയായിരുന്നു ഇത്. യുപി സെന്‍ട്രല്‍ സുന്നി വഖഫ് ബോര്‍ഡിലും തബസും അംഗമാണ്.