തൃശൂര്‍: തൃശൂര്‍പൂരം മറ്റുപൂരങ്ങളില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്. രണ്ടു നൂറ്റാണ്ടിലേറെയായി ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റംവരുത്താതെയാണ് പൂരം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏത് ആചാരവും കാലഘട്ടത്തിനനുസൃതമായി കുറെയേറെ മാറുമെങ്കിലും പൂരത്തിന്റെ കാര്യത്തില്‍ അതങ്ങനെയല്ലെന്ന് പഴമക്കാര്‍ പറയുന്നു. മുന്‍കാലത്ത് തുടര്‍ന്നുവന്നിരുന്ന അടിസ്ഥാനപരമായ ചിട്ടവട്ടങ്ങള്‍ അതുപോലെ തന്നെ പിന്തുടരുന്നതിനാല്‍ ആചാരപരമായി പൂരത്തിന് വന്‍ പ്രാധാന്യമുണ്ട്. കുടമാറ്റം പോലുളള ചില കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും എഴുന്നളളിപ്പ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങള്‍ അതുപോലെ പിന്തുടരുന്ന ആഘോഷങ്ങള്‍ വിരളമായിരിക്കും.
കുടമാറ്റവും വെടിക്കെട്ടും
പൂരത്തിന്റെ കുടമാറ്റവും വെടിക്കെട്ടുമെല്ലാം മറ്റുപലയിടത്തും ഉളളതുതന്നെയാണ്. എന്നാലും എന്തുകൊണ്ട് പൂരത്തില്‍ ഇതൊക്കെ വലിയ ചര്‍ച്ചയാകുന്നു.? വെടിക്കെട്ട്, കുടമാറ്റം എന്നിവയ്‌ക്കൊക്കെ അതിന്റേതായ താളക്രമങ്ങളുണ്ട്. വെടിക്കെട്ടു കത്തിക്കയറുന്നതിലെ വൈവിധ്യം കമ്ബക്കെട്ടു പ്രേമികള്‍ക്ക് തൊട്ടറിയാനാകും. മേളപ്പെരുക്കം പോലെ തുറന്നുപിടിച്ച് കൂട്ടിത്തട്ടിലെത്തുന്ന രീതിയാണ് വെടിക്കെട്ടില്‍ കാലങ്ങളായി പിന്തുടരുന്നത്. ആദ്യം ഓലപ്പടക്കങ്ങള്‍, പിന്നെ ചെറുഡൈനകള്‍, പിന്നീട് വര്‍ണ അമിട്ടുകള്‍, ഡൈനകളുടെ ഇരട്ടശ്രേണി, അവിടെനിന്ന് കുഴിമിന്നികള്‍
മുഖംകാട്ടുന്ന കൂട്ടിത്തട്ടിന്റെ രൗദ്രഭാവം. ഈ രീതിയിലാണ് പൂരം വെടിക്കെട്ടു ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന് അതിന്റേതായൊരു താളവട്ടമുണ്ട്. ഒരുപക്ഷേ തൃശൂര്‍ പൂരത്തേക്കാള്‍ കൂടുതല്‍ വെടിക്കോപ്പുകള്‍ ഉപയോഗിക്കുന്ന മറ്റു പൂരങ്ങള്‍ ഉണ്ടാകാമെങ്കിലും തൃശൂര്‍ പൂരം ജനമനസ്സുകളില്‍ മായാത്തമുദ്ര പതിപ്പിക്കുന്നത് ഈ സവിശേഷത കൊണ്ടുകൂടിയാണ്. കുടമാറ്റത്തിനുമുണ്ട് സവിശേഷത. എല്ലാവര്‍ഷവും ഏറ്റവും ഗുണനിലവാരമുളള പുത്തന്‍ കുടശീലകളാണ് കുടനിര്‍മാണത്തിന് ഉപയോഗിക്കുക. അതിനാല്‍ കുടകള്‍ വര്‍ണക്കൂട്ടുകള്‍ ഒളിപ്പിച്ചുവെച്ച വസന്തനൃത്തമായി മാറുകയാണ്.
ഓലക്കുട ചൂടി.. പുതുമയുടെ വഴിയിലേക്ക്
പണ്ടുകാലത്ത് പൂരം നാളുകള്‍ പാറമേക്കാവ്, തിരുവമ്ബാടി തട്ടകക്കാര്‍ക്ക് 'ശത്രുത'യുടെയും കാലമായിരുന്നു. അക്കാലത്ത് വാശി മൂത്ത് തട്ടകക്കാര്‍ പരസ്പരം മിണ്ടാട്ടമില്ലാതെ നടന്നിരുന്നു. ഏതെങ്കിലും രഹസ്യങ്ങള്‍ അറിയാതെയെങ്കിലും പറഞ്ഞുപോകാതിരിക്കാനുളള മുന്‍കരുതലായിരുന്നു ഇത്. വിവാഹങ്ങള്‍ കഴിക്കുന്നതും മിക്കവാറും ഒരേ തട്ടകത്തില്‍ നിന്നു മാത്രമായിരുന്നു. അഥവാ ദേശംമാറി വിവാഹം കഴിച്ചാല്‍ മറുപാതിയുടെ വസതിയിലേക്ക് പൂരക്കാലത്ത് പോകുകയുമില്ല. ഇതും മുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു.
ആനകളെ അണിനിരത്തുന്നതിലും വെടിക്കെട്ടിലും കുടമാറ്റത്തിലുമെല്ലാം വിദ്വേഷം പരമാവുധി കത്തി നിന്നു. ഒരുവിഭാഗം അണിനിരത്താന്‍ കൊണ്ടുവരുന്ന ആനകളെ മറുവിഭാഗം വഴിതെറ്റിച്ചു വിടുന്നതും സാധാരണമായിരുന്നു. ആനപാപ്പാനെ 'മയക്കി'യെടുത്ത് ആനകളെ വേറെ സ്ഥലത്തേക്ക് പറഞ്ഞുവിടുകയായിരുന്നു പതിവ്. ഇതിനായി എത്രതുകയും ചെലവിടും. വേണ്ടിവന്നാല്‍ ആനയുടെ ഏക്കത്തിനു പറഞ്ഞ തുകയുടെ അത്രയും കൈമടക്കു കൊടുക്കും. പാറമേക്കാവ് ദേശത്താശാന്‍ എ.എസ് കുറുപ്പാള്‍ ഉള്‍പ്പെടെയുളളവരുടെ ആദ്യകാല പൂരം സ്മരണയില്‍ നിറഞ്ഞുനില്‍ക്കുന്നത് അക്കാലത്തെ വാശിയും പോരുമാണ്.
ഫിനിഷിംഗ് പോയന്റില്‍ നുഴഞ്ഞുകയറി തീ കൊളുത്തുക
വെടിക്കെട്ടുവേളയില്‍ എതിര്‍പക്ഷത്തിന്റെ ഫിനിഷിംഗ് പോയന്റില്‍ തന്ത്രപരമായി നുഴഞ്ഞുകയറി തീ കൊളുത്തുക തുടങ്ങിയ പരിപാടികളും സ്ഥിരമായിരുന്നു. വെടിക്കെട്ട് അതോടെ കൂട്ടപ്പൊരിച്ചിലില്‍ തുടങ്ങും. ഒരിക്കല്‍ ഇപ്രകാരം പാറമേക്കാവിന് അക്കിടി പറ്റി. പ്രതികാരം ഉറപ്പാണല്ലോ. അടുത്തവര്‍ഷം മറുപക്ഷത്തെ ഫിനിഷിംഗ് പോയന്റില്‍ വെളളം കൊണ്ട് ഒഴിച്ച് പടക്കം ചീറ്റിച്ചു.
അടിമുടി ജാഗ്രത പാലിച്ചില്ലെങ്കില്‍ പൂരം കലങ്ങുമെന്ന അവസ്ഥ. വെടിക്കെട്ടിലായിരുന്നു പാരവെപ്പ് കൂടുതലും. എല്ലാവര്‍ഷവും പുതിയ ഇനങ്ങള്‍ വേണമെന്ന് തട്ടകക്കാര്‍ക്ക് നിര്‍ബന്ധമാണ്. വെടിക്കെട്ട് മോശമായാല്‍ കമ്ബക്കെട്ട് ഒരുക്കിയ ആള്‍ക്ക് നല്ല തല്ലും കിട്ടും. മറുപക്ഷം മിന്നി നില്‍ക്കരുതെന്ന് തുടക്കം മുതലേ വാശിയാണ് ഇരുകൂട്ടര്‍ക്കും.
ഇന്ന് സൗഹൃദമല്‍സരമാണെങ്കിലും പൂരത്തിന്റെ ആവേശം ചരിത്രമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കുടമാറ്റം രൂപപ്പെട്ടതിന്റെ കഥയാണ് അതില്‍ പ്രധാനം.
വാശിക്കു കുറവൊന്നുമില്ല
മല്‍സരം സൗഹൃദാടിസ്ഥാനത്തിലായെങ്കിലും വാശിക്കു കുറവൊന്നുമില്ല. ആനകളെ പങ്കുവയ്ക്കുമ്ബോഴും കുടകള്‍ക്ക് തുണി തെരഞ്ഞെടുക്കുമ്ബോഴും ഇരു വിഭാഗത്തിലെയും ഉത്സവക്കമ്മിറ്റിക്കാര്‍ പഴയ കാരണവന്മാരുടെ ശൈലിയാണ് പിന്തുടരുക. തികഞ്ഞ മല്‍സരബുദ്ധി. മറുവിഭാഗത്തിന്റേതിനേക്കാള്‍ രണ്ടുസെറ്റെങ്കിലും കുടകള്‍ കൂടുതല്‍ ഇറക്കാനാകുമോ എന്നാണ് നോട്ടം. ഇതൊക്കെ പഴയ കഥകളല്ലേ എന്നു പറഞ്ഞ് ഇന്നത്തെ തലമുറക്കാര്‍ ചിരിക്കും. എങ്കിലും അന്നത്തെ പൂരമായിരുന്നു പൂരമെന്നു ഓര്‍ത്തെടുക്കുന്ന പഴയതലമുറക്കാര്‍ ഏറെയുണ്ട്. മല്‍സരച്ചൂടിലൂടെയാണ് പൂരം പൂരമായതെന്ന് ആരും സമ്മതിക്കും. മല്‍സരമില്ലെങ്കില്‍ പിന്നെന്തു പൂരം എന്നു തിരുത്തേണ്ടിയും വരും. മറ്റൊരര്‍ഥത്തില്‍ പൂരാവേശം പൂരച്ചൂടായി മാറുന്നു. ഇന്നു കാര്യങ്ങളില്‍ കുറെ മാറ്റമുണ്ടെങ്കിലും പോരാട്ടവീര്യം പൂര്‍ണമായി അന്യംനിന്നിട്ടില്ല.