വേ്യാമസേനയ്‌ക്ക് ഇനി തദ്ദേശീയ ആകാശ് മിസൈലുകളുടെ കരുത്ത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) വികസിപ്പിച്ച ആകാശ് മിസൈലുകള്‍ വാങ്ങാനായി 5000 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നല്‍കി. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലായിരിക്കും മിസൈലുകള്‍ വിന്യസിക്കുക.
മൂന്നു വര്‍ഷമായുള്ള നിര്‍ദേശമാണു കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചത്. ഇന്ത്യ സ്വന്തമായി നിര്‍മിച്ച മധ്യദൂര കരവേ്യാമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്‌ഷണല്‍ സിസ്റ്റമാണു പ്രത്യേകത. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് ആകാശ്. നാഗ്, അഗ്‌നി, തൃശൂല്‍, പൃഥ്വി എന്നിവയാണു മറ്റു മിസൈലുകള്‍. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്.
യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. 2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ വേ്യാമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് കരസേനയുടെയും ഭാഗമായി. ഇന്ത്യയില്‍ നിന്ന് ആകാശ് മിസൈലുകള്‍ വാങ്ങാന്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.