ഇന്ത്യൻ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി 1998-ല്‍ പാകിസ്ഥാന്‍റെയും വന്‍ലോകശക്തികളുടേയും പ്രതിഷേധം ധീരതയോടെ അവഗണിച്ച് ആണവപരീക്ഷണം വീണ്ടും തുടരുവാനുളള അനുമതി നൽകി. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയുടെ നിരന്തരമുള്ള ആണവ പരീക്ഷണത്തെ ശക്തമായി വിമര്‍ശിച്ചെങ്കിലും പ്രായോഗിക ബുദ്ധിമാനായ വാജ്പേയി ചെവികൊണ്ടില്ല. ഓഗസ്റ്റ് 16 ന് 93-ാമത്തെ വയസ്സില്‍ വിടവാങ്ങിയെങ്കിലും ദേശീയമായും രാജ്യാന്തരതലത്തിലും സമാധാനം സ്ഥാപിയ്ക്കുവാനും നിലനിര്‍ത്തുവാനും ശക്തിയും സാമ്പത്തികവും ആവശ്യമാണെന്ന സാധാരണ തത്വം വാജ്പോയി അംഗീകരിച്ചിരുന്നു.
സമാധന സന്ദേശവുമായി ലാഹോര്‍, പാകിസ്ഥാനിലേയ്ക്കുള്ള ബസ്സ് യാത്ര ആഗോളതലത്തില്‍ വാജ്പേയിയെ അഭിനന്ദിച്ചു. ചൈനയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുവാനും വാജ്പേയി ഭരണകാലത്തു ഒരു പരിധിവരെ സാധിച്ചു. ഒരു കാലഘട്ടത്തിലെ പ്രസിദ്ധനായ ഒരു പത്രപ്രവര്‍ത്തകനായും പ്രകൃതിയെ അളവറ്റ് സ്നേഹിക്കുന്ന നല്ല ഒരു കവിയായും വാജ്പേയി അറിയപ്പെട്ടിരുന്നു. കഴിവുള്ള ഒരു രാജ്യതന്ത്രജ്ഞനായും ഇന്ത്യയുടെ സാമ്പത്തിക ഉന്നതിയിലേയ്ക്കുള്ള പ്രയാണത്തിലെ അമരക്കാരനുമായി അദ്ദേഹത്തിന്‍റെ അനുയായികള്‍ കരുതുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഇന്ത്യ ഏറ്റവും ഉന്നതിയില്‍ എത്തുന്നതു അദ്ദേഹത്തിന്‍റെ ഭരണകാലത്തായിരുന്നു.
1924 ഡിസംബര്‍ 25ന് ക്രിസ്മസ് ദിവസം മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ജനിച്ച വാജ്പേയ് 33-ാം വയസ്സില്‍ ഇന്ത്യൻ പാര്‍ലമെന്‍റിലേയ്ക്ക് ആദ്യമായി ഭാരതീയ ജന സംഘം (ബിജെഎസ്) പാര്‍ട്ടി ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1977 ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെ എസ് മൂന്നു ചെറിയ പാര്‍ട്ടികളെ കൂടെ കൂട്ടി ഭാരതീയ ജനത പാര്‍ട്ടി (ബിജെപി) രൂപീകരിച്ചു. 1992 ല്‍ ഹിന്ദു തീവ്രവാദികള്‍ ചരിത്ര പ്രസിദ്ധമായ അയോദ്ധ്യ മസ്ജിദ് നശിപ്പിച്ചതിനെ അദ്ദേഹം പരസ്യമായി എതിര്‍ത്തു. സൗമ്യമായ രീതിയില്‍ തീവ്രവാദിയല്ലാത്ത വാജ്പേയ് അതിവേഗം അറിയപ്പെടുന്ന നേതാവായി. ബിജെപി പാര്‍ട്ടിയെ 1996 ല്‍ ദേശീയ തലത്തില്‍ എത്തിച്ചു. ഇന്ത്യൻ ഭരണചക്രം തിരിയ്ക്കുന്ന ലോക സഭയിലേയ്ക്ക് വാജ്പേയ് ഒൻപത് തവണ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി തോപ്പില്‍ഭാസിയുടെ തൂലിക ചലിച്ചതുപോലെ വാജ്പേയ്യുടെ ഹിന്ദി ഭാഷയിലുള്ള കവിതകള്‍ ഉത്തരേന്ത്യന്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഒരുപരിധി വരെ സഹായിച്ചു.
വാജ്പേയിയുടെ ചൈനാ സന്ദര്‍ശനത്തിലൂടെ ശീതസമരം അവസാനിക്കുകയും അനേകവര്‍ഷങ്ങളായി നിലനിന്ന അതിര്‍ത്തി പ്രശ്നം സമാധാനപരമായി തന്നെ പരിഹരിക്കപ്പെടുകയും ചെയ്തു. ചേരിചേരാനയത്തില്‍ അടിയുറച്ചുനിന്ന ഇന്ത്യ, അമേരിക്കയുമായി ബന്ധം ബലപ്പെടുത്തി 2000 ല്‍ പ്രസിഡന്‍റ് ബില്‍ക്ലിന്‍റനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും 2001 സെപ്റ്റംബര്‍ 11 ലെ യുഎസ് ചാവേര്‍ ആക്രമണത്തെ പരസ്യമായി എതിര്‍ത്ത് സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.