ഫെയ്‌സ്‌ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചു വിവാദത്തിലകപ്പെട്ട മുന്‍ എംഎല്‍എ എ.പി.അബ്‌ദുല്ലക്കുട്ടി കോണ്‍ഗ്രസില്‍ നിന്നു പുറത്തേക്കെന്നു സൂചന. അദ്ദേഹം കോണ്‍ഗ്രസില്‍ തുടരില്ലെന്നതിന്റെ സൂചനയാണു മോദി സ്‌തുതിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. നിലപാടറിയാന്‍ ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വഴി മാറുകയാണെന്ന് അബ്‌ദുല്ലക്കുട്ടി വ്യക്‌തമാക്കിയതായാണു വിവരം.
മംഗളൂരുവിലേക്കു താമസം മാറിയ അബ്‌ദുല്ലക്കുട്ടി കര്‍ണാടകയില്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവസരം തേടുകയാണെന്നാണു കരുതുന്നത്. ഇക്കാര്യം കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിയെ അറിയിച്ചിട്ടുണ്ട്. അബ്‌ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന കെപിസിസി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. മോദിയോടുള്ള നിലപാടില്‍ അബ്‌ദുല്ലക്കുട്ടി ഉറച്ചു നില്‍ക്കുകയാണ്.
കര്‍ണാടകയില്‍ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും ബിജെപിയിലേക്കു പോയാല്‍ കൂടെ പോകാമെന്ന തീരുമാനത്തിലാണ് അബ്‌ദുല്ലക്കുട്ടിയെന്നാണ് അറിയുന്നത്. മോദിയുടെ വികസന മാതൃകയെ പുകഴ്‌ത്തിയതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നു പുറത്തായപ്പോഴാണ് അദ്ദേഹം കോണ്‍ഗ്രസിലെത്തിയത്.
നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടുള്ള എ.പി.അബ്ദുല്ലക്കുട്ടിയുടെ പ്രസ്‌താവനയെക്കുറിച്ച് നേരിട്ട് വിശദീകരണം തേടിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശദാംശങ്ങളറിയാന്‍ രണ്ടോ മൂന്നോ കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തും. റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.