സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം വിചാരണകോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും സൂപ്രീം കോടതിയെ സമീപിച്ചത്.
പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. സിസ്റ്റര്‍ അഭയ കേസില്‍ ഫാ.തോമസ് എം. കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അഭയ കേസില്‍ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതിയുടെ മുന്‍ ഉത്തരവു ചോദ്യം ചെയ്‌ത് ഇരുപ്രതികളും നല്‍കിയ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയും പ്രതികളുടെ ഹര്‍ജി തള്ളിയത്. സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ 1992 മാര്‍ച്ച് 27 ന് മരിച്ച നിലയില്‍ കണ്ട കേസിലാണ് വിചാരണ.