കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് സൂചന. ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ്് പോലീസ് നീക്കം.
മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രതികളില്‍ രണ്ടുപേര്‍ സംസ്ഥാനം വിട്ടെന്ന് പോലീസ് സംശയിക്കുന്നു. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മൂന്ന് പേരുടെ അറസ്റ്റ് പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളജ് വിദ്യാര്‍ഥി ഫാറൂഖ്, ആലുവയിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥി ബിലാല്‍, ഇവരുടെ സുഹൃത്ത് ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റു പ്രതികളെ ഉടന്‍ പിടികൂടമെന്നാണ് പോലീസ് പറയുന്നത്.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പത്ത് പേരെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മഹാരാജാസില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് ഫാറൂഖ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഞായറാഴ്ച രാത്രിയുണ്ടായ അക്രമത്തിലാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. കോളജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി എസ്‌എഫ്‌ഐയും കാംപസ്് ഫ്രണ്ടും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു.