ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ അഭിനന്ദന്‍ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്‌നേഹവും ലോകത്തെയാകെ അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക്ക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ ശത്രു സൈന്യത്തിന്റെ പിടിയില്‍പ്പെട്ടത്.
സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവര്‍ത്തനം തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്.
നീണ്ട പിരിമുറുക്കത്തിന്റെ ഒടുവിലാണ്‌് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടന്‍ വിട്ടയയ്‌ക്കണമെന്നുമുള്ള വിട്ടുവീഴ്‌ചയില്ലാത്ത ഇന്ത്യന്‍ നിലപാട് സമ്മര്‍ദമായപ്പോള്‍ പാക്കിസ്ഥാന് പിന്‍വാങ്ങേണ്ടതായിവന്നു.
പാകിസ്ഥാന്റെ കൊടിയ പീഡനങ്ങള്‍ക്കും ചോദ്യം ചെയ്യലിലും പതറാതെ ഇന്ത്യയുടെ അഭിമാനമായ വ്യോമസേനാ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാന്‍ നേരത്തെതന്നെ രാജ്യം തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്‌ക്കും ശേഷമാണ് അഭിനന്ദനെ വിട്ടയയ്‌ക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്.
അഭിനന്ദനെ ബന്ദിയാക്കിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം അദ്ദേഹത്തെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി നയതന്ത്ര നീക്കങ്ങളും നടത്തിയിരുന്നു. അമേരിക്കയുടെയും ചൈനയുടെയും സൗദിയുടെയും സമ്മര്‍ദ്ദം കൂടിവന്നപ്പോള്‍ പാകിസ്ഥാന്‍ വിട്ടയയ്‌ക്കക അല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അഭിനന്ദനെ മോചിപ്പിക്കാതെ ചര്‍ച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്.