കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലീപ് കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയിലും ഇന്ന് കോടതി ഉത്തരവ് പറയും.
ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് പള്‍സര്‍ സുനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. നടിയുടെ വൈദ്യപരിശോധനയുടെ പകര്‍പ്പിന് വേണ്ടി മറ്റ് പ്രതികളും ഹര്‍ജി നല്‍കിയിരുന്നു. വിവിധ ഹര്‍ജികളില്‍ വാദം കേട്ട ശേഷമാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.
കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും അതിനാല്‍ തന്നെ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ അമ്മയും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു