കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം.
നടി ആക്രമിക്കപ്പെട്ടതിന്റഎ ദൃശ്യങ്ങള്‍ കൈമാറാനാവില്ലെന്ന് നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ ദുരപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് അന്ന് ഹര്‍ജി തള്ളിയിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് പിന്നീട് ഹൈക്കോടതിയെ സമീപിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി ദിലീപ് അടക്കം പന്ത്രണ്ടു പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, ദൃശ്യങ്ങള്‍ നല്‍കിയാല്‍ അതുപയോഗിച്ച് ദിലീപ് നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.