ദുബായ്: പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതം മൂലം ദുബായിൽ വച്ചാണ് അന്ത്യം. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ. അര നൂറ്റാണ്ടത്തെ സിനിമാ ജീവിതം കാഴ്ച്ചവെച്ച ശേഷമാണ് ബോളിവുഡിന്റെ താരോദയം അസ്തമിച്ചത്. അതും 54-ാം വയസ്സിലും ശക്തമായ നായികാ കഥാപാത്രത്തെ കാഴ്ചവെച്ച്. 30 വയസ് കഴിയുമ്ബോഴെ പ്രായമായെന്ന് പറഞ്ഞ് നായികാ പദത്തില്‍ നിന്നും പിന്തള്ളപ്പെടുന്ന പതിവു ശൈലി തിരുത്തി കുറിച്ച നടിയായിരുന്നു ശ്രീദേവി. 54-ാം വയസ്സിലും നായികയായി തന്നെ അഭിനയിച്ച് കൈയടികള്‍ നേടിയാണ് താരം വിടവാങ്ങിയത്. ആര്‍ക്കും അസൂയ തോന്നി പോകുന്ന ജന്മം.
ബോണി കപൂറുമായുള്ള വിവാഹ ശേഷം 1997ല്‍ സിനിമയില്‍ നിന്നും പിന്‍വാങ്ങിയ ശ്രീദേവി എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലീഷ് വിങ്ലീഷിലൂടെ തിരിച്ചെത്തിയതെങ്കിലും ഇത്രയും കാലം ഇങ്ങനെ ഒരു താരം സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നു പോലും ആര്‍ക്കും തോന്നിയിട്ടില്ല. അത്ര മേലായിരുന്നു ശ്രീദേവിക്കുള്ള വാര്‍ത്താ പ്രാധാന്യം. നായകനായി ഒപ്പം അഭിനയിച്ചവരുടെ അമ്മമാരായി പല നായികമാരും തിരിച്ചു വരുമ്ബോള്‍ ശ്രീദേവിയെ കാത്തിരുന്നത് ശക്തമായ നായികാ കഥാ പാത്രം തന്നെയായിരുന്നു.
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1976 ൽ പതിമൂന്നാം വയസ്സിൽ, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്. 2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഈ വർഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. മക്കൾ: ജാഹ്നവി, ഖുഷി.
രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1976 ല്‍ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായികയായി അഭിനയിക്കുന്നത്. 1983 ലെ ഹിമ്മത് വാല ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. 1990 കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.