കൊച്ചി: വീണ്ടും മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്. ജയരാജനെ മാത്രമല്ല, കുവൈറ്റ് ചാണ്ടി (തോമസ് ചാണ്ടി)യേയും തിരിച്ചെടുക്കണമെന്ന് ജയശങ്കര്‍ പറഞ്ഞു. മന്ത്രിമാരുടെ എണ്ണം 21 ആയാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ചീഫ് വിപ്പ് പദവി പുന:സ്ഥാപിക്കുകയും ചെയ്യുകയാണ്. ആരാണ് പുതിയ 'പി.സി.ജോര്‍ജ്' എന്നറിയാന്‍ അല്പം കൂടി കാത്തിരിക്കണമെന്നും ജയശങ്കര്‍ കളിയാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സഖാവ് ഈപ്പീ ജയരാജനെ വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. കര്‍ക്കടക മാസത്തില്‍ നല്ല മുഹൂര്‍ത്തം ഇല്ലാത്തതു കൊണ്ട് ചിങ്ങം ഒന്നാം തീയതിയാണ് സത്യപ്രതിജ്ഞ. ജയരാജനെ തിരിച്ചെടുക്കുന്നതു കൊണ്ട് മണിയാശാനെ പിരിച്ചു വിടാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാരുടെ എണ്ണം 20 ആക്കി ഉയര്‍ത്തി. മണിയാശാന്‍ വൈദ്യുതി വകുപ്പ് തുടര്‍ന്നു ഭരിക്കും.
വ്യവസായം പോയ മൊയ്തീന്‍ സഖാവിന് പഴയ സഹകരണ വകുപ്പല്ല, തദ്ദേശ സ്വയംഭരണമാണ് തിരിച്ചു കിട്ടുന്നത്. ഉന്നത ബിരുദധാരി ഡോ.ജലീല്‍ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പരിലസിക്കും. ക്യാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പദവി പുന:സ്ഥാപിക്കുന്നു. ആരാണ് പുതിയ പിസി ജോര്‍ജ് എന്നറിയാന്‍ അല്പം കൂടി കാത്തിരിക്കണം.
പാവം കുവൈറ്റ് ചാണ്ടിയെ കൂടി തിരിച്ചെടുക്കണം. മന്ത്രിമാരുടെ എണ്ണം 21 ആയാലും തെറ്റില്ല.