ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ബിജെപിയുടെ സ്ഥാപക നേതാവ് എല്‍.കെ.അഡ്വാനിക്ക് ഇടമില്ല. അഡ്വാനിയുടെ സീറ്റായ ഗാന്ധിനഗര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക്. 75 വയസ്സ് പിന്നിട്ട നേതാക്കള്‍ മല്‍സരിക്കേണ്ടതില്ലെന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു സൂചന. മൂന്ന് പതിറ്റാണ്ടിനിടെ അഡ്വാനി മല്‍സരരംഗത്ത് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണിത്.
75 വയസ്സ് എന്ന പ്രായപരിധിക്കു മുന്‍പില്‍ കീഴടങ്ങി ലാല്‍ കൃഷ്‌ണ അഡ്വാനി പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുമ്പോള്‍, ബിജെപിയുടെ ചരിത്രത്തിലെ സംഭവബഹുലമായ യുഗത്തിനാണു തിരശീല വീഴുന്നത്.
1984ല്‍ ലോക്‌സഭയില്‍ കേവലം രണ്ടു സീറ്റ് നേടിയ ബിജെപിയെ 1991ല്‍ നൂറ് കടത്തി, 1996ല്‍ അധികാരത്തിലെത്തിച്ചതിനു പിന്നിലെ മുഖ്യ ശില്‍പിയാണ് അഡ്വാനി. ആറ് തവണ അഡ്വാനിക്ക് ലോക്‌സഭയിലേക്ക് വഴി തുറന്ന ഗാന്ധിനഗറില്‍ ഇത്തവണ അമിത് ഷായാണ് രംഗത്ത്.
1991ല്‍ അഡ്വാനി ഗാന്ധിനഗറില്‍നിന്ന് ആദ്യം തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഒന്നേകാല്‍ ലക്ഷമായിരുന്നു ഭൂരിപക്ഷം. 2014ല്‍ ഇവിടെ നിന്നുള്ള ആറാം അങ്കത്തില്‍ ഭൂരിപക്ഷം നാലര ലക്ഷം കടന്നു. 1970 ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വാനി ഇക്കാലമത്രയും എന്നും ഏതെങ്കിലുമൊരു സഭയില്‍ അംഗമായിരുന്നു.
പ്രായപരിധിയില്‍ തട്ടിവീണ സ്ഥാപക നേതാക്കളില്‍ മറ്റൊരാള്‍ മുരളി മനോഹര്‍ ജോഷിയാണ്. കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര, ഭഗത് സിങ് കോഷിയാരി തുടങ്ങിയവര്‍ക്കും സീറ്റ് ലഭിക്കില്ല. എട്ടുതവണ തുടര്‍ച്ചയായി ഇന്‍ഡോറില്‍നിന്നു വിജയിച്ച 75 വയസ് പിന്നിട്ട സ്‌പീക്കര്‍ സുമിത്ര മഹാജനും സീറ്റ് നല്‍കുമോയെന്ന് വ്യക്തമല്ല.