• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേന്ദ്ര ബജറ്റ്‌ കേരളത്തിന്‌ ദുരിതം, വിലക്കയറ്റം ഉറപ്പ്‌: പിണറായി വിജയന്‍

പെട്രോള്‍ ഡീസല്‍ വില രണ്ടുരൂപയോളം വര്‍ധിക്കുന്നതിന്റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന്‌ ഇന്ധന വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും. ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തും.

എയിംസ്‌ അടക്കമുള്ള വാഗ്‌ദാനങ്ങള്‍ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട്‌ അനുഭാവം കാട്ടാത്തതുമായ ബജറ്റാണ്‌ കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്‌. നിര്‍ഭാഗ്യകരമാണ്‌ ഈ സമീപനം. കേരളം ജലപാതകള്‍ക്കു പണ്ടേ പ്രസിദ്ധമാണ്‌. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം, കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിന്‌ എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല.

കൊച്ചി ഷിപ്പ്‌യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത്‌ 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റിന്‍റേത്‌ 67 കോടിയായിരുന്നത്‌ 46 കോടിയായി കുറഞ്ഞു. റബര്‍ ബോര്‍ഡിന്‍റേത്‌ 172 കോടിയായിരുന്നത്‌ 170 കോടിയായി കുറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഉന്നയിച്ച വായ്‌പാപരിധി വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളോട്‌ മുഖംതിരിച്ചു. പുതിയ ബജറ്റ്‌ നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top