രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മല്‍സരത്തിനിടെ അപംയര്‍മാരുടെ തീരുമാനത്തോടു വിയോജിച്ച് ക്ഷുഭിതനായി മൈതാനത്തിറങ്ങിയ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ രംഗത്ത്.
ധോണിയെപ്പോലെ അനുഭസമ്പത്തുള്ളൊരു താരം നിയമങ്ങള്‍ കാറ്റില്‍ പറത്തി മൈതാനത്തിറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. അംപയറിന്റെ തീരുമാനത്തോട് കലഹിച്ച് മൈതാനത്തിറങ്ങിയ ധോണിക്ക് ഐപിഎല്‍ അധികൃതര്‍ മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു. ഇതിനിടെയാണ് മുന്‍ താരങ്ങളുടെ രൂക്ഷ വിമര്‍ശനത്തിനും ധോണി പാത്രമാകുന്നത്.
മുന്‍ ഇംഗ്ലണ്ട് നായകനും ഐപിഎല്ലില്‍ കമന്റേറ്ററുമായി മൈക്കല്‍ വോനാണ് ഏറ്റവും രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയത്. പ്രമുഖ ക്രിക്കറ്റ് വൈബ്‌സൈറ്റായ 'ക്രിക്‌ബസി'ല്‍ ലൈവ് കമന്ററിയുമായി ഉണ്ടായിരുന്ന വോന്‍ ധോണിയുടെ നീക്കം കണ്ട് നടത്തിയ പ്രതികരണം ഇങ്ങനെ: ക്യാപ്‌റ്റനിതാ ഡഗ് ഔട്ടില്‍നിന്ന് പിച്ചിലേക്ക് ഇറങ്ങുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത് എം.എസ്. ധോണിയാണെന്ന് എനിക്കറിയാം. ഈ രാജ്യത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അവകാശമുണ്ടെന്നും അറിയാം. ക്യാപ്‌റ്റനെന്ന നിലയില്‍ മൈതാനത്തിറങ്ങാനും അവിടെ പോയി അംപയറിനു നേരെ കൈചൂണ്ടി ക്ഷുഭിതനായി സംസാരിക്കാനും നിങ്ങള്‍ക്ക് അവകാശമില്ല. ഒരു ക്യാപ്‌റ്റനെന്ന നിലയില്‍ തീര്‍ത്തും മോശം മാതൃകയാണ് ഇവിടെ ധോണി നല്‍കുന്നത്. ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നെന്നു വരില്ല. അതിനെ അതിന്റെ രീതിയില്‍ കാണുകയാണ് വേണ്ടത്. നിങ്ങള്‍ എല്ലാവരും ആരാധിക്കുന്ന ഇതിഹാസമായിരിക്കാം. എന്നാലും ഗ്രൗണ്ടിലിറങ്ങാന്‍ അനുവാദമില്ല...
മുന്‍ ഓസീസ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററിന്റേതും സമാനമായ അഭിപ്രായമായിരുന്നു. അദ്ദേഹം പറഞ്ഞു:
കരിയറില്‍ ഇതിനു മുന്‍പൊരിക്കലും ഇത്തരമൊരു രംഗം ഞാന്‍ കണ്ടിട്ടില്ല. അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു ക്യാപ്‌റ്റന്‍ ഗ്രൗണ്ടിലിറങ്ങുന്നത് ഇനി നിങ്ങള്‍ കാണാനുമിടയില്ല. അവിശ്വസനീയം...