പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു സാഹസിക നീക്കത്തിനും ശക്തമായ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം വഴിയും രാജ്യത്തേക്കു നുഴഞ്ഞുകയറിയും പ്രശ്‌നങ്ങളുണ്ടാക്കാനാണ് പാക്കിസ്ഥാന്‍ സൈന്യം ശ്രമിക്കുന്നത്. അതിര്‍ത്തി സംരക്ഷണത്തിന് സേന സജ്ജമാണ്. വിപത്തുകള്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. റാവത്ത് പറഞ്ഞു.
സൈബര്‍, ബഹിരാകാശ കരുത്തുകള്‍ ഇപ്പോള്‍ യുദ്ധത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇങ്ങനെയുള്ള യുദ്ധങ്ങള്‍ക്കു സൈന്യം തയാറായി നില്‍ക്കണം. മാറുന്ന സാങ്കേതിക വിദ്യകള്‍ യുദ്ധത്തിന്റെ സ്വഭാവവും മാറ്റുകയാണ്. ഇന്ത്യന്‍ സൈന്യം ഒരു മാറ്റത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സ്‌പേസ്, സൈബര്‍, സ്‌പെഷല്‍ ഫോഴ്‌സ് ഡിവിഷനുകളുടെ രൂപീകരണം ഈ മാറ്റത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഭീകരരെയും ശിക്ഷിക്കാതെ വിടില്ല. ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഭീകരവാദത്തോടുള്ള രാഷ്ട്രീയ, സൈനിക നിലപാടുകളാണ്. എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ മറുപടി ലഭിക്കും.
ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നും റാവത്ത് പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായാണ് അവര്‍ വന്നത്. ഈ സമയത്ത് പ്രദേശവാസികളുടെ ആഘോഷം നടക്കുന്നുണ്ടായിരുന്നു. ഡെംചോക് സെക്ടറില്‍ ടിബറ്റന്‍ വിഭാഗക്കാരുടെ പരിപാടികളായിരുന്നു നടന്നിരുന്നത്. എന്താണു നടക്കുന്നതെന്നു നോക്കാന്‍ ചൈനയിലെ ചിലര്‍ ഇവിടെയെത്തിയതാണ്. അതിക്രമിച്ചു കടക്കല്‍ നടന്നിട്ടില്ല. എല്ലാം സാധാരണ പോലെയാണ് റാവത്ത് വ്യക്തമാക്കി. ജൂലൈ ആറിന് ദലൈലാമയുടെ പിറന്നാളിനോടനുബന്ധിച്ച് ടിബറ്റ് വിഭാഗക്കാര്‍ ടിബറ്റന്‍ പതാകയേന്തി ആഘോഷങ്ങള്‍ നടത്തുന്നതിനിടെ ചൈനീസ് സൈന്യം നിയന്ത്രണരേഖ മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.