ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ പാകിസ്‌താന്‍ വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യക്ക് നഷ്ടം മുന്നൂറു കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. വ്യോമപാത അടച്ചതോടെ ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതാണ് വന്‍തുക നഷ്ടം വരാന്‍ കാരണം.
പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ടിലെ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടി തുടങ്ങിയവ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. ഇതിനു പിന്നാലെ ഫെബ്രുവരി അവസാനത്തോടെ പാകിസ്‌താന്‍ വ്യോമപാത അടയ്‌ക്കുകയായിരുന്നു.
അമേരിക്ക, ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളെയാണ് പാകിസ്‌താന്റെ വ്യോമപാതാ നിയന്ത്രണം ബാധിച്ചിരിക്കുന്നത്. പ്രതിദിനം 350 വിമാന സര്‍വീസുകളെയാണ് പാകിസ്‌താന്റെ ഈ നടപടി ബാധിച്ചിരിക്കുന്നതെന്ന് വിമാനസര്‍വീസുകളെ നിരീക്ഷിക്കുന്ന ഒ പി എസ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാകിസ്‌താന്‍ വ്യോമപാത അടച്ചതോടെ ന്യൂഡല്‍ഹിയില്‍നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് മൂന്ന് മണിക്കൂറേളം അധികം സഞ്ചരിക്കേണ്ടിവരുന്നു. യൂറോപ്പിലേക്കുള്ള സര്‍വീസുകള്‍ക്കും രണ്ടുമണിക്കൂറോളം താമസം വരുന്നുണ്ട്. അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതോടെ അധിക ഇന്ധനം, ക്യാബിന്‍ ജീവനക്കാര്‍, മറ്റു ചിലവുകള്‍ എന്നിങ്ങനെ പ്രതിദിനം ആറുകോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്ക് വരുന്നത്. ഫെബ്രുവരി പതിനാലിന് പുല്‍വാമയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ബാലാകോട്ടിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തത്.