മാലി: തിരുവനന്തപുരത്ത് നിന്ന് മാലി ദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം നിര്‍മ്മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. എയര്‍ബസ് എ 320 നിയോ വിമാനമാണ് വന്‍ സുരക്ഷാ വീഴ്ചയില്‍ ലാന്റ് ചെയ്തത്. 150 പേര്‍ ഉണ്ടായിരുന്ന വിമാനമാണ് മാലിയിലെ വെലാന രാജ്യാന്തര വിമാനത്താവളത്തില്‍ തെറ്റായി ലാന്റിംഗ് നടത്തിയത്. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതരമായി തകരാര്‍ സംഭവിച്ചു. വന്‍ സുരക്ഷാ വീഴ്ചയാണ് നടന്നതെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്മീഷന്‍ ചെയ്യാത്ത റണ്‍വേയിലാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
ഗുരുതരമായ സംഭവമായതിനാല്‍ ഇക്കാര്യം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യെ അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഡിജിസിഎ വക്താവ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും മാലിയിലേക്ക് സര്‍വീസ് നടത്തുന്നതാണ് എയര്‍ബസ് 320 നിയോ വിമാനം.
വിടി-ഇഎക്സ്‌എല്‍ രജിസ്ട്രേഷനിലുള്ള വിമാനം, മാലി വെലാന അന്താരാഷ്ട്ര വിമാനത്തവളത്തിലെ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. 136 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തെറ്റായ റണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിപ്പോയി നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തുടര്‍ന്ന് കെട്ടിവലിച്ചാണ് വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റിയത്.
രണ്ട് ടയറുകളാണ് പൊട്ടിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വക്താവ് പറഞ്ഞു. തെറ്റായ റണ്‍വേയിലാണ് വിമാനം ഇറങ്ങിയതെന്ന് മനസിലാക്കിയ പൈലറ്റുമാര്‍ ബ്രെയ്ക്ക് ചെയ്തത് മൂലമാകാം ഇത് സംഭവിച്ചതെന്നും വക്താവ് പറഞ്ഞു.
പ്രാദേശിക അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. വിമാനത്തിന് മറ്റു കേടുപാടുകള്‍ ഇല്ലെന്നും ടയറിന്റെ തകരാര്‍ പരിഹരിച്ച ശേഷം തിരുവനന്തപുരത്തേക്ക് തിരികെ പറക്കുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
എഐ 263 വിമാനം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.57 നാണ് തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയത്.