മേയ് പകുതിയോടെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരോടും ജീവനക്കാരോടും തയാറാകാന്‍ നിര്‍ദേശം നല്‍കിയതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. മേയ് പകുതിയോടെ 20-30 ശതമാനം വരെ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
നഗരപരിധിക്ക് പുറത്തുള്ള പൈലറ്റുമാരുടെയും ജീവനക്കാരുടെയും വിവരം ഉറപ്പു വരുത്താന്‍ എയര്‍ ഇന്ത്യ ഓപ്പറേഷന്‍ സ്റ്റാഫുകള്‍ക്കയച്ച കത്തിലാണ് ഇത് സംബന്ധിച്ച പരമാര്‍ശം ഉള്ളത്. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും (ഇഡി) ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ലോക്‌ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ കൊണ്ടു വരുന്നതിന് തയാറായി നില്‍ക്കാന്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികളെ രണ്ടു ഘട്ടമായി മടക്കിക്കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരുക.
യുഎസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിക്കും. ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നത്.