ഉല്‍സവ സീസണില്‍ ആക്രമണം നടത്താനായി സായുധരായ നാലു ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ രാജ്യതലസ്ഥാനത്ത് പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷാവിന്യാസം ശക്തമാക്കുകയും ചെയ്‌തു. ഭീകരര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചതായാണ് പൊലീസിലെ സ്‌പെഷല്‍ സെല്ലിനു രഹസ്യവിവരം കിട്ടിയത്.
വളരെയധികം ആയുധങ്ങളുമായാണു ഭീകരര്‍ തമ്പടിച്ചിട്ടുള്ളതെന്നാണു വിവരം. ഇവരെ പിടികൂടാനായി ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുകയാണ്. ഭീകരാക്രമണ ഭീഷണിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തു. ജാഗ്രതയിലാണെന്നും ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും ആശങ്കപ്പെടേണ്ടതില്ലെന്നും സെന്‍ട്രല്‍ ഡല്‍ഹി ഡിസിപി എം.എസ്.രണ്‍ധാവ പറഞ്ഞു.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു രഹസ്യന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു.