ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങള്‍ക്ക് രണ്ട് അത്യാധുനിക മിസൈല്‍ പ്രതിരോധസംവിധാനം നല്‍കാന്‍ അമേരിക്കയുമായി ധാരണ. 19 കോടി ഡോളറിന്റേതാണ് ഇടപാട്.
അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുന്ന `എയര്‍ഫോഴ്‌സ് വണ്‍' സുരക്ഷയ്‌ക്ക് തത്തുല്യമായി `എയര്‍ഇന്ത്യ വണ്‍' എന്നപേരിലാണ് രണ്ട് ബോയിങ് വിമാനങ്ങളില്‍ ഇവ സ്ഥാപിക്കുക. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന വിമാനങ്ങളിലാണ് ഈ സംവിധാനം നടപ്പാക്കുക.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്, അമേരിക്കയുടെ വിദേശനയത്തിലും ദേശീയസുരക്ഷയിലും ഊന്നിയുള്ള ഈ കരാര്‍ ഇടവരുത്തുമെന്ന് പെന്റഗണ്‍ അഭിപ്രായപ്പെട്ടു.
വലിയ വിമാനങ്ങള്‍ക്ക് പ്രതിരോധത്തിനുള്ള ഇന്‍ഫ്രാറെഡ് സുരക്ഷാ സംവിധാനം (ലെയര്‍സം), അഡ്വാന്‍സ്‌ഡ് ഇന്റഗ്രേറ്റഡ് ഡിഫന്‍സീവ് ഇലക്‌ട്രോണിക് വാര്‍ഫേര്‍ സ്യൂട്ട് (ഐഡ്യൂസ്) എന്നിവയാണ് ഇന്ത്യയ്‌ക്ക് ലഭിക്കുക.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപാടിന് അംഗീകാരം നല്‍കിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡി.എസ്.സി.എ.) യു.എസ്. കോണ്‍ഗ്രസില്‍ അറിയിച്ചു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഭീഷണി വര്‍ധിച്ചതോടെയാണ് ഇന്ത്യ ഇത്തരമൊരു പ്രതിരോധ സംവിധാനത്തിനായി യു.എസിനെ സമീപിച്ചത്.
മിസൈലുകളെ ദിശതെറ്റിച്ച് സ്വയം സുരക്ഷ പുതിയ പ്രതിരോധസംവിധാനം സജ്ജമാക്കാന്‍ എയര്‍ ഇന്ത്യയില്‍നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാത്തരം മിസൈലുകളില്‍നിന്ന് സുരക്ഷനല്‍കാന്‍ പൈലറ്റിന്റെ സഹായമില്ലാതെ ഈ സംവിധാനത്തിന് കഴിയുമെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ് പറഞ്ഞു. ഇത് ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് തടസമൊന്നുമില്ല.