ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്നു വ്യോമമേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്)യുടെമുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തിലും സുരക്ഷ ശക്തമാക്കി.
യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുക, ടെര്‍മിനലുകള്‍ക്കു മുന്നില്‍ പാര്‍ക്കിങ് നിരോധിക്കുക, യാത്രവിമാനങ്ങള്‍ ഒഴികെയുള്ളവയുടെ പറക്കലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ബിസിഎഎസ് നല്‍കിയ നിര്‍ദേശങ്ങള്‍. സന്ദര്‍ശക പാസുകള്‍ വിതരണം ചെയ്യുന്നതു തല്‍ക്കാലം നിര്‍ത്തിവയ്‌ക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, മുംബൈ രാജ്യാന്തരവിമാനത്താവളത്തില്‍ ബോംബു ഭീഷണിയെത്തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടാം ടെര്‍മിനല്‍ ഒഴിപ്പിച്ചിരിക്കുകയാണ്. ഇവിടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് അജ്‌ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്.