മലയാള കവിതയെ ഭാവുകത്വത്തിന്റെ പുതുവഴികളിലേക്കു കൈപിടിച്ച മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി.
വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും വിവര്‍ത്തനങ്ങളുമടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ രചനകളുടെ സ്രഷ്ടാവായ അദ്ദേഹത്തിന് 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
1926 മാര്‍ച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റിക്കര അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്‌ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.
ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. ലോകപ്രശസ്‌ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.
ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കള്‍, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിന്‍ പൂക്കള്‍, സഞ്ചാരികള്‍, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദര്‍ശനം, കുതിര്‍ന്ന മണ്ണ്, ധര്‍മ സൂര്യന്‍, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവര്‍ത്തനം (ലേഖനസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍, വള്ളത്തോള്‍ സമ്മാനം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങിയ ശ്രദ്ധേയ പുരസ്‌കാരങ്ങളും നേടി.