സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്‌ട്രേട്ട് കോടതി വീണ്ടും കേസെടുത്തു.
വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ്. സഭയ്‌ക്ക് അലക്‌സിയന്‍ ബ്രദേഴ്‌സ് നല്‍കിയ കരുണാലയത്തിന്റെ ഒരേക്കര്‍ ഭൂമി വില്‍പന നടത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി. കര്‍ദിനാളിനു പുറമെ അതിരൂപത മുന്‍ പ്രൊക്യൂറേറ്റര്‍ ഫാദര്‍ ജോഷി പുതുവയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മാര്‍ച്ച് 13ന് ഇരുവരോടും നേരിട്ടു ഹാജരാകാന്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കോടതി ഇടപെടല്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണ് കാക്കനാട് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. നേരത്തെ രണ്ടു കേസില്‍ കോടതി കര്‍ദിനാളിനെ പ്രതി ചേര്‍ത്തെങ്കിലും ഹൈക്കോടതി തുടര്‍നടപടി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്.