പി.പി.ചെറിയാന്‍
സൗത്ത് ഈസ്റ്റ് അല്‍ബാമയില്‍ ഞായറാഴ്‌ച ആഞ്ഞടിച്ച ടൊര്‍ണാഡോയില്‍ നാല്‌പതോളം പേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ടുകളനുസരിച്ച് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
നിരവധി വീടുകള്‍ ടൊര്‍ണാഡോയില്‍ തകര്‍ന്നിട്ടുണ്ട്. ഈസ്‌റ്റേണ്‍ ജോര്‍ജിയ, ഏതന്‍സ്, അഗസ്റ്റ, സാവന്ന എന്നിവിടങ്ങളിലാണ് ടൊര്‍ണാഡോ കൂടുതല്‍ നാശം വിതച്ചത്.
കാലാവസ്ഥ കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നലിലില്‍ 35,000 വീടുകളില്‍ വൈദ്യുതി ബന്ധം താറുമാറായി. ഗതാഗത തടസവും നേരിട്ടു.
അലബാമയ്‌ക്ക് പുറമേ ജോര്‍ജ്ജിയ, ഫ്‌ളോറിഡ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്ന് പ്രസിഡന്റ് ട്രംപ് വൈകി അയച്ച ട്വിറ്റെര്‍ സന്ദേശത്തില്‍ പറയുന്നു. പരിക്കേറ്റവര്‍ക്കും, ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു