മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം പിന്‍വലിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരിക്കുന്നത്.
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെ നിയോഗിക്കുന്നതിന് തീരുമാനിച്ചു. കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടന്നത്. കര്‍ഷകര്‍ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഈ മാസം ഏഴിനു നാസിക്കിൽ നിന്നാരംഭിച്ച കാൽനടജാഥയിൽ, മുംബൈയിലേക്കുള്ള 182 കിലോമീറ്റർ ദൂരവും സ്ത്രീകളും മധ്യവയസ്കരും ഉൾപ്പെടെയുള്ളവർ നടന്നാണെത്തിയത്. പൊരിവെയിലിൽ പ്രതിദിനം നടന്നതു ശരാശരി 35 കിലോമീറ്റർ. ഓരോ പ്രദേശത്തുനിന്നും വൻതോതിൽ ആളുകൾ റാലിയിൽ ചേർന്നു.
വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ജാഥ. അഖിലേന്ത്യ കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മലയാളി വിജു കൃഷ്ണനും സമരത്തിന്റെ നേതൃനിരയിലുണ്ട്.