• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

99 നേക്കാൾ ഭയാനകം ഈ പ്രളയം: മാർ ക്രിസോസ്റ്റം

തിരുവല്ല ∙ തൊണ്ണൂറ്റി ഒൻപതിനേക്കാൾ ഭയാനകം. അന്ന് വെള്ളം കയറാത്ത പല പ്രദേശങ്ങളിലും ഇപ്പോൾ വെള്ളംകയറി. മാരാമൺ കൺവൻഷൻ നഗറിനു സമീപത്തെ എന്റെ താമസസ്ഥലത്തും ഒന്നരയാൾ പെ‍ാക്കത്തിൽ വെള്ളമായിരുന്നു. ജലനിരപ്പുയരുന്നതിനു മുൻപ് ചില സ്നേഹിതർ വന്നുപറഞ്ഞു സ്ഥലം വിട്ടോളാൻ, അതുകെ‍ാണ്ട് രക്ഷപ്പെട്ടു. മഹാപ്രളയത്തിൽ നിന്നു രക്ഷപ്പെട്ട് കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ വിശ്രമമുറിയിലിരുന്ന് 99ലെ വെള്ളപ്പൊക്കത്തെയും ഇപ്പോഴത്തെ മഹാപ്രളയത്തെയും താരതമ്യം ചെയ്യുകയായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. എനിക്ക് ആറു വയസ്സ് ഉള്ളപ്പോഴാണ് 1099ലെ (1924) വെള്ളപ്പൊക്കം. പിതാവ് മാരാമൺ പള്ളിയിൽ വികാരിയാണ്.

കന്നുകാലികൾ ഏറെ പമ്പാനദിയിലൂടെ ഒഴുകി പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒരുദിവസം വീ‌ടിന്റെ ഒരുഭാഗം പമ്പാനദിയിലൂടെ ഒഴുകുന്നതുകണ്ടു. അതിനുള്ളിൽ നിന്നും ‘രക്ഷികണേയെന്ന കരച്ചിൽ’ കേൾക്കാമായിരുന്നു. വെള്ളത്തിന്റെ കുത്തെ‍ാഴുക്കിൽ ആരു സഹായിക്കാൻ? അയാൾ രക്ഷപ്പെട്ടിട്ടില്ലായെന്നുതന്നെ വിശ്വസിക്കുന്നു. ഈ സംഭവം ബാല്യത്തിൽ വേദനയുണ്ടാക്കി. ക്യാംപുകൾ ഒന്നുമില്ല. വെള്ളം കയറാത്ത പള്ളിക്കൂടങ്ങളിലോ ക്ഷേത്രവളപ്പിലോ പള്ളിക്കെട്ടിടങ്ങളിലോ എല്ലാവരും കൂടി ഒത്തും ചേരും. ആരും ഭക്ഷണം കെ‌ാണ്ടുത്തരാൻ ഇല്ല. എല്ലാവരും കൂടി ഉണ്ടാക്കുകയാണ്.

മഴക്കാലത്ത് കഴിക്കാനുള്ള ഭഷണം കരുതി വയ്ക്കുന്ന പതിവ് അന്നുള്ളവർക്കുണ്ടായിരുന്നു. 99ലെ വെള്ളപ്പെ‍ാക്കത്തിന് എന്റെ പിതാവും സഹായിയും കൂടി കെ‍ാച്ചുവള്ളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പോയി. ഇതിനിടയിൽ വള്ളംമറിഞ്ഞ് പിതാവ് മുങ്ങിത്താണു. സഹായി പിടിച്ചു പെ‍ാക്കി. ഇയാളെ ഇടവകക്കാരും നാട്ടുകാരും പിന്നീടു വിളിച്ചിരുന്നത് ‘മെത്രാൻ’ എന്നായിരുന്നു. അച്ചനെ നദിയിൽമുക്കി സ്നാനം എൽപ്പിച്ചയാൾ എന്നനിലയിലാണ് ഈ പേരുവീണത്. ഈ പ്രളയം നമ്മളെ ഒന്നാക്കി: വലിയ മെത്രാപ്പൊലീത്ത പ്രളയം ഉണ്ടായപ്പോൾ മനുഷ്യത്വവും തിരിച്ചുവന്നു. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരും ഒ‍ാടിയെത്തി. ഇത് നല്ല സൂചനയാണ്. മനുഷ്യൻ മനുഷ്യനെ തേടിപ്പോകുന്നു

Top