ന്യൂഡല്‍ഹി: കേരളത്തിനു മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മോദിയുമായുള്ള കൂടിക്കാഴ്ച നിരാശജനകമെന്നും പൊതു ഭക്ഷ്യഭദ്രത നിയമത്തിന്റെ സാഹചര്യത്തില്‍നിന്നു സംസ്ഥാനത്തെ രക്ഷപ്പെടുത്തണമെന്ന് കേരളം ആവശ്യം പ്രധാനമന്ത്രി നിരസിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകൂവെന്ന് മോദി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തെ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അരി ലഭിക്കാത്ത സ്ഥിതിയിലേക്കാണ് വഴിതെളിയിക്കുന്നതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുമായുള്ള സര്‍വകക്ഷി യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്താക്കിയത്.
കേരളത്തിന്റെ ആവശ്യങ്ങളോട് മൃതുസമീപനമാണ് മോദി സ്വീകരിച്ചത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന തീരുമാനത്തിലാണ് കേന്ദ്രമെന്നും ഫാക്ടറിയുടെ കാര്യത്തില്‍ യാതൊരു ഉറപ്പും മോദി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരി റെയില്‍ പാത സംബന്ധിച്ച് ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി. സ്ഥലമേറ്റെടുത്ത് നല്കിയാല് പദ്ധതിക്ക് നടപടി സ്വീകരിക്കുമെന്നും മോദി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കമെന്ന് കേരളം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്എന്‍എസ് സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എച്ച്എന്എലിനായി 700 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. അസംസ്കൃത വസ്തുകളും സൗജന്യനിരക്കിലാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് വില്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.