ഡല്‍ഹി: രാജ്യത്തെ 25 സ്ഥലങ്ങളുടെ പേര് മാറ്റല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഎ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും അടക്കം 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു പശ്ചിമ ബംഗാളിന്റെ പേരുമാറ്റാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന്റെ മുന്നിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുള്ളത്.
ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കുമെന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഇതുസംബന്ധിച്ച ശുപാര്‍ശകളൊന്നും ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ല. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള രാജമുന്‍ഡ്രിയുടെ പേര് രാജാമഹേന്ദ്രവാരം എന്നാക്കുന്നതിനും ഒഡീഷയിലെ ഔട്ടര്‍ വീലറിന്റെ പേര് എ.പി.ജെ അബ്ദുള്‍ കലാം ഐലന്‍ഡ് എന്നാക്കുന്നതിനും അടക്കമുള്ളവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞത്.
റെയില്‍വെ മന്ത്രാലയം, തപാല്‍ വകുപ്പ്, സര്‍വെ ഓഫ് ഇന്ത്യ എന്നിവയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥലങ്ങളുടെ പേരുമാറ്റുന്നതിന് അനുമതി നല്‍കുന്നത്. മാറ്റാനുദ്ദേശിക്കുന്ന പുതിയ പേര് നിലവില്‍ മറ്റുസ്ഥലങ്ങള്‍ക്കൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പേരുമാറ്റുക. എന്നാല്‍ സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നതിന് ഭരണഘടനാ ഭേദഗതിതന്നെ വേണ്ടിവരും. എന്നാല്‍, നഗരങ്ങളുടെയോ ഗ്രാമങ്ങളുടെയോ പേരുമാറ്റുന്നതിന് ഉത്തരവ് മാത്രം മതി
പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിച്ചിരുന്നുവെങ്കിലും അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ പേരുമായി സാദൃശ്യമുള്ളതിനാല്‍ ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളുടെ പേരുമാറ്റുമെന്ന് പാര്‍ട്ടി നേതാവ് രാജാ സിങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യ എന്നാക്കുന്നതിനൊപ്പം തന്നെ അവിടെ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കുമെനന്ും മെഡിക്കല്‍ കോളേജിന് ദശരഥ മഹാരാജാവിന്റെ പേര് നല്‍കുമെന്നും യുപി മുഖ്യമന്ത്രി യോഗി അഥിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.