ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമിത് ഷായെ പിണറായി വിജയന്‍ അധിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ അപകീര്‍ത്തിപരമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
അമിത് ഷായുടെ പ്രസംഗത്തിന്റെ തര്‍ജമയില്‍ പ്രശ്‌നമുണ്ടായെന്നും ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് പ്രസംഗിക്കുന്നതിനിടയിലാണ് അമിത് ഷായെ പിണറായി വിജയന്‍ കടന്നാക്രമിച്ചത്. കേരളാ സര്‍ക്കാരിനെ വലിച്ചിടാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ലെന്നായിരുന്നു പിണറായിയുടെ പ്രസ്‌താവന. ഇഷ്ടം പോലെ എടുത്ത് കെെകാര്യം ചെയ്യാനുള്ള ഇടമല്ല കേരള സര്‍ക്കാരെന്നും ഈ നാടിനെയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.