ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും എണ്ണയുല്‍പ്പാദന രാജ്യങ്ങളുടെ ചില നിലപാടുകളുമാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണം. ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.
ഇന്ധനവില കുറയ്‌ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില കുറയ്‌ക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയെന്ന് അമിത് ഷാ പറഞ്ഞുവെങ്കിലും അതെന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയ വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിട്ടും എണ്ണവില ഉടന്‍ കുറയ്‌ക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്ധനവില കുറയ്‌ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിനിടയില്‍ ഭരണകക്ഷിയില്‍ പെട്ട ചില നേതാക്കള്‍ തന്നെ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ രംഗത്ത് വന്നത് കേന്ദ്രസര്‍ക്കാരിന് തലവേദനയായി.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെട്ട് ഇന്ധനവില നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയെന്നാണ് അറിയുന്നത്. വിലനിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്ബനികളില്‍ നിന്ന് നീക്കുന്നത് പോലുള്ള കടുത്ത തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് തന്നെയാണ് ബി.ജെ.പി വൃത്തങ്ങളും സൂചിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, വിവിധ നികുതികള്‍ വെട്ടിക്കുറയ്‌ക്കുക തുടങ്ങിയ തീരുമാനങ്ങളും ഉടനുണ്ടാകുമെന്നാണ് സൂചന.