കൊച്ചി: ആക്രമിക്കപ്പെട്ട നടിയേയും പീഡനക്കേസില്‍ പ്രതിയായ നടനേയും ഒരേ തട്ടില്‍ തൂക്കി നോക്കുന്ന താരസംഘടന അമ്മയുടെ ഇരട്ടത്താപ്പിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിരുന്നു. രണ്ട് പേരും മകളും മകനുമാണ് എന്ന മട്ടിലുള്ള പൈങ്കിളി വാചകങ്ങളാണ് അമ്മയുടെ നേതൃത്വം ഈ വിഷയത്തില്‍ മുന്നോട്ട് വെച്ചത്.
ദിലീപിനെ തിരിച്ചെടുത്തതിന് പിന്നിലെ സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കമുള്ളവര്‍ രാജി വെച്ചത് അമ്മയ്ക്ക് വലിയ ക്ഷീണമായി. ആ ക്ഷീണം തീര്‍ക്കാന്‍ നടിമാരായ രചന നാരായണന്‍ കുട്ടിയേയും ഹണി റോസിനേയും രംഗത്ത് ഇറക്കുകയാണ് അമ്മ.
പ്രതിക്കും ഇരയ്ക്കും ഒരേ നീതി
അമ്മയുടെ ഏറെ വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തിന് ശേഷം വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ദിലീപിനെ കൈവിടില്ലെന്ന നിലപാട് സംഘടന മുന്നോട്ട് വെച്ചത്. ഇരയും പ്രതിയും അമ്മയുടെ മക്കളാണ് എന്ന വിചിത്ര നിലപാടായിരുന്നു അമ്മയുടേത്. അമ്മയുടെ നേതൃത്വത്തിലുള്ള ഗണേഷ് കുമാറടക്കം നടിയെ പരസ്യമായി അപമാനിച്ച് സംസാരിക്കാന്‍ പോലും മടി കാണിച്ചില്ല.
ദിലീപിനൊപ്പം നിന്നവര്‍
ദിലീപ് 85 ദിവസം ആലുവ ജയിലില്‍ കിടന്നപ്പോള്‍ ദര്‍ശനം തേടി പോയവരുടെ കൂട്ടത്തിലും ഇവരുണ്ടായിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് അമ്മയുടെ പിന്തുണയെന്നത് അഞ്ച് പൈസയുടെ ആത്മാര്‍ത്ഥത പോലുമില്ലാത്ത വാക്കുകള്‍ മാത്രമായിരുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നടതടക്കമുള്ള പരാതികള്‍ നടി ഉന്നയിച്ചുവെങ്കിലും അവയടക്കം അമ്മ കണ്ടില്ലെന്ന് വെച്ചു.
അമ്മയുടെ പുതിയ നീക്കം
ദിലീപിനെ തിരിച്ചെടുക്കുക കൂടി ആയപ്പോഴാണ് സംഘടനയില്‍ തുടരാനില്ലെന്ന നിലപാട് നടി കൈക്കൊണ്ടത്. നടിക്കും വിമന്‍ ഇന്‍ സിനിമാ കലക്ടീവിനും അക്കാര്യത്തില്‍ വന്‍ പൊതുജന പിന്തുണയും ലഭിച്ചു. ഇതോടെ നടിമാരുമായി ചര്‍ച്ചയ്ക്കടക്കം അമ്മ തയ്യാറായി. പിന്നാലെയാണ് ഹണി റോസിനേയും രചന നാരായണന്‍ കുട്ടിയേയും രംഗത്ത് ഇറക്കി അമ്മയുടെ പുതിയ നീക്കം.
എക്സിക്യൂട്ടീവിലെ അംഗങ്ങള്‍
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഹണി റോസും രചന നാരായണന്‍ കുട്ടിയും ഹൈക്കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന രമ്യാ നമ്ബീശനേയും പൃഥ്വിരാജിനേയും പോലുള്ളവരെ ഒഴിവാക്കിയുണ്ടാക്കിയ പുതിയ അമ്മ എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ സ്ത്രീ സാന്നിധ്യമാണ് രചന നാരായണന്‍ കുട്ടിയും ഹണിറോസും.
കേസില്‍ കക്ഷി ചേര്‍ന്നു
കേസില്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങള്‍ എന്ന നിലയ്ക്ക് രചനയും ഹണി റോസും കക്ഷി ചേര്‍ന്നിരിക്കുന്നത്. വനിതാ ജഡ്ജി വേണമെന്നത് കൂടാതെ വിചാരണ തൃശൂരിലെ കോടതിയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് നടി ഹര്‍ജി നല്‍കിയിരുന്നത്.
അമ്മ ഇനി നടിക്കൊപ്പമോ
കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷം എങ്കിലും പരിചയ സമ്ബത്തുള്ള അഭിഭാഷകനെ നിയോഗിക്കണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഈ ഹര്‍ജിയിലാണ് രചനയും ഹണിയും കക്ഷി ചേര്‍ന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട് രണ്ട് വര്‍ഷമാകുമ്ബോള്‍ ഇതാദ്യമായാണ് താരസംഘടനയായ അമ്മ നടിക്ക് അനുകൂലുമായ നടപടിയുമായി മുന്നോട്ട് വരുന്നത്. ഇത് ഡബ്ല്യൂസിസിയെ കൂടി ഉന്നം വെച്ചാണെന്ന് കരുതപ്പെടുന്നു.
ഉന്നം ഡബ്ല്യൂസിസി
നടിയുടെ കേസുമായി ബന്ധപ്പെട്ട അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഒരു കൂട്ടം നടിമാര്‍ ഡബ്ല്യൂസിസി രൂപീകരിച്ചത്. നടിയോടൊപ്പം തുടക്കം മുതല്‍ തന്നെ ഇവരുണ്ട്. എന്നാല്‍ നടിയുടെ കേസില്‍ സംഘടന കക്ഷി ചേര്‍ന്നിരുന്നില്ല. നിയമപരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് നേരത്തെ പറഞ്ഞ അമ്മയാണ് ഇപ്പോള്‍ ഡബ്ല്യൂസിസിയെ കാഴ്ചക്കാരാക്കി കേസില്‍ അമ്മ ഇടിച്ച് കയറിയിരിക്കുന്നത്.