കൊച്ചി: സംഘടനയില്‍നിന്നു പിന്തുണ കിട്ടിയില്ലെങ്കില്‍ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു താരസംഘടനയായ എഎംഎംഎ (അമ്മ) യുടെ പ്രസിഡന്റ് മോഹന്‍ലാല്‍. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ടു പോകാനാണ് ശ്രമമെന്നും കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പരിഹരിക്കാന്‍ പറ്റാത്ത സങ്കീര്‍ണമായ പ്രശ്നങ്ങളൊന്നും സംഘടനയിലില്ല. ഏതൊരു അംഗത്തിനും അവരുടെ ആശയങ്ങള്‍ പങ്കവയ്ക്കാനുള്ള അവസരമുണ്ട്. ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ടോ ഒരു വോട്ടിംഗ് മുഖേനയോ പറയാനുള്ള സന്ദര്‍ഭം ഒരുക്കും. പുറത്തുനിന്നുള്ള റിട്ട. ജഡ്ജിയെ ഉള്‍പ്പെടുത്തി അവരുടെ നിയമോപദേശങ്ങള്‍ നേടി സ്ഥിരമായൊരു ഡിസിപ്ലിനറി കമ്മിറ്റി രൂപവത്ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ഉപദ്രവിച്ച കേസില്‍ അമ്മ ഭാരവാഹികളായ ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ കക്ഷിചേരാനുള്ള തീരുമാനം സംഘടനയുടേതല്ലെന്നു ട്രഷറര്‍ ജഗദീഷ് പറഞ്ഞു. സംഘടന രചനയോടും ഹണിയോടും ആക്രമിക്കപ്പെട്ട നടിക്ക് എന്തൊക്കെ സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ച ചെയ്തിരുന്നു. കക്ഷി ചേരാനുള്ള തീരുമാനം അവര്‍ സ്വയം എടുത്തതാണ്. ഹര്‍ജിയില്‍ വന്ന പിഴവുകള്‍ തിരുത്തുമെന്നും ജഗദീഷ് പറഞ്ഞു.
തങ്ങള്‍ കൊടുത്ത ഹര്‍ജി പിന്‍വലിക്കില്ലെന്നു രചന നാരായണന്‍കുട്ടി പറഞ്ഞു. ഹര്‍ജിയില്‍ സുഹൃത്തിന് എതിരായി വന്ന ഭാഗം നീക്കം. ആക്രമിക്കപ്പെട്ട നടിയുമായി ചര്‍ച്ച ചെയ്തില്ലായെന്നതാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച. 32 വര്‍ഷത്തെ പ്രവര്ത്തിപരിചയമുള്ളയൊരു അഭിഭാഷകനാണ് നടിക്കുവേണ്ടി ഹാജരാകുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും രചന പറഞ്ഞു.