കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തതാണ് എഎംഎംഎയുടെ ഡബ്ല്യൂസിസിയും തമ്മിലുള്ള പ്രശ്‌നങ്ങളെ തുറന്ന പോരിലേക്ക് എത്തിച്ചത്. താരസംഘടനയിലെ കൊള്ളരുതായ്മകള്‍ പലതും വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ പൊതുമധ്യത്തില്‍ വിളിച്ച് പറഞ്ഞു.
ഡബ്ല്യൂസിസിയെ ശത്രുക്കളായി കണ്ട് മാറ്റി നിര്‍ത്തിയാല്‍ അപകടമാണ് എന്ന ബോധ്യം അമ്മയ്ക്ക് വന്ന് തുടങ്ങിയത് വനിതാ സംഘടനയ്ക്ക് ലഭിക്കുന്ന പൊതു സമൂഹത്തിന്റെ പിന്തുണ കണ്ടതോട് കൂടിയാണ്. നടിമാരുടെ ആവശ്യത്തിന് ഒടുക്കം താരസംഘടന വഴങ്ങിയിരിക്കുന്നു.
ചര്‍ച്ച ആവശ്യപ്പെട്ട് കത്ത്
ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സെക്രട്ടറിയായ ഇടവേള ബാബുവിന് നടിമാര്‍ കത്തെഴുതിയിരുന്നു. പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നീ നടിമാര്‍ ചേര്‍ന്നാണ് കത്തെഴുതിയത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ പ്രതിഷേധ സൂചകമായി രാജി വെച്ചതിന് പിന്നാലെ ആയിരുന്നു മറ്റുള്ളവര്‍ ചേര്‍ന്ന് കത്ത് നല്‍കിയത്. ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അമ്മ ഉറപ്പും നല്‍കി.
ചര്‍ച്ചയ്ക്ക് തിയ്യതിയായി
വിദേശത്തുള്ള അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തിരികെ വന്നതിന് ശേഷം നടിമാരുമായി ചര്‍ച്ച നടത്താം എന്നായിരുന്ന അമ്മ നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ചയുടെ തിയ്യതി അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നില്ല. ഇക്കാര്യം ഡബ്ല്യൂസിസി ഇടയ്ക്ക് വിമര്‍ശനമായി ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ചര്‍ച്ചയുടെ തിയ്യതി അമ്മ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് നടിമാരുമായി ചര്‍ച്ച
അടുത്ത മാസം ഏഴിന് കൊച്ചിയില്‍ വെച്ചാണ് അമ്മ, വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഈ ചര്‍ച്ചയില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്.
നിലപാട് ഊഹിക്കാവുന്നത്
അമ്മ നേതൃത്വത്തിലുള്ളത് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള, ചിലരുടെ നോമിനികളാണെന്ന് ഡബ്ല്യൂസിസി ആരോപിച്ചിരുന്നു. നേതൃത്വത്തിലുള്ള മുകേഷും ഗണേഷും അടക്കമുള്ളവര്‍ കടുത്ത ദിലീപ് പക്ഷക്കാരാണ് എന്നത് പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. നടിമാരോട് ഗണേഷിനുള്ള നിലപാട് എന്തെന്നത് ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നടിമാര്‍ക്ക് നേരെയുണ്ടാവാന്‍ പോകുന്ന നിലപാട് എന്തെന്നത് ഊഹിക്കാവുന്നതാണ്.
ആശങ്കയറിക്കുന്ന കത്ത്
നടിമാര്‍ ഇടവേള ബാബുവിന് എഴുതിയ കത്തിന്റെ പൂര്‍ണരൂപം വായിക്കാം: കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ.
ഞെട്ടിക്കുന്ന വസ്തുത
അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്.
വാഗ്ദാനത്തില്‍ നിന്നും പിന്നോട്ട് പോകരുത്
ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല. ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ അന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
വിവരം നേരത്തെ അറിഞ്ഞില്ല
കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്ബ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ പ്ര്‌ത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
പുതിയ ബൈലോ
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷയങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും, 2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍, 3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്.
സ്ത്രീകള്‍ക്ക് വേണ്ടി
4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍, കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ A M M A അംഗങ്ങളായ, രേവതി ആശാ കേളുണ്ണി, പത്മപ്രിയ ജാനകിരാമന്‍, പാര്‍വതി തിരുവോത്ത്