വിശാഖപട്ടണത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രബാബു നായിഡു രംഗത്ത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പ്രധാനമന്ത്രിക്ക് എതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കത്തിക്കയറുകയായിരുന്നു.
വെറുംകൈയോടെ വീണ്ടും ആന്ധ്രയിലെത്താന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേ എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം. അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ആന്ധ്രപ്രദേശിന്റെ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടില്ലെന്നും ഇക്കാര്യങ്ങളില്‍ സംസ്ഥാനത്തെ അഞ്ചുകോടി ജനങ്ങളോട് അദ്ദേഹം വിശദീകരിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.
ആന്ധ്രയിലെ ജനങ്ങള്‍ എത്രമാത്രം ദേഷ്യത്തിലാണെന്ന് ഞാന്‍ അങ്ങയെ ഓര്‍മിപ്പിക്കുകയാണെന്നും സംസ്ഥാനത്തെ അഞ്ചുകോടി ജനങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ താങ്കളുടെ വഞ്ചനയെ ചോദ്യം ചെയ്യേണ്ടതും അതെല്ലാം ഓര്‍മ്മപ്പിക്കേണ്ടതും തന്റെ കടമയാണെന്നും അദ്ദേഹം വിശദീകരിച്ചു. 29 തവണ താന്‍ ഡല്‍ഹിയിലെത്തി നിരവധി അപേക്ഷകള്‍ നല്‌കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ലെന്നും നായിഡു പറഞ്ഞു.
ആന്ധ്രയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ എല്ലാവരും കറുത്ത കുപ്പായമണിഞ്ഞും കരിങ്കൊടി കാണിച്ചും പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു.