ഇന്ത്യയുടെ അങ്കിത റെയ്‌നയ്‌ക്ക് കന്‍പിങ് ഓപ്പണ്‍ ടെന്നിസില്‍ അവിസ്‌മരണീയ ജയം. രണ്ടാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യനുമായ സാമന്ത സ്‌റ്റോസറെയാണ് അങ്കിത അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു അങ്കിതയുടെ ജയം. സ്‌കോര്‍: 75, 26, 65.
ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ അങ്കിതയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്. മത്സരം രണ്ട് മണിക്കൂറും അമ്പത് മിനിറ്റും നീണ്ടുനിന്നു. ഇത് രണ്ടാം തവണയാണ് ഇരുവരും പരസ്‌പരം ഏറ്റുമുട്ടുന്നത്. ആദ്യത്തെ പോരാട്ടത്തില്‍ സാമന്തയ്‌ക്കായിരുന്നു ജയം.
കൂടുതല്‍ എയ്‌സുകള്‍ ഉയിര്‍ത്ത സാമന്തയ്‌ക്ക് വിനയായത് കൂടുതല്‍ ഡബിള്‍ ഫോള്‍ട്ടുകള്‍ വരുത്തിയതാണ്. അങ്കിതയുടെ പേരില്‍ ആറും സാമന്തയുടെ പേരില്‍ പതിനെട്ടും ഡബിള്‍ ഫോള്‍ട്ടുകളാണുള്ളത്. രണ്ടാം റൗണ്ടില്‍ ചൈനയുടെ കായ്‌ലിന്‍ ഷാങ്ങാണ് അങ്കിതയുടെ എതിരാളി.
സാനിയ മിര്‍സയ്‌ക്കും നിരുപമ വൈദ്യനാഥനും ശേഷം വനിതാ ടെന്നിസില്‍ 200 റാങ്കില്‍ താഴെയെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ ടെന്നിസ് താരമാണ് അങ്കിത.
2011ല്‍ സെറീന വില്ല്യംസിനെ വീഴ്‌ത്തിയാണ് സാമന്ത യു.എസ്. ഓപ്പണില്‍ കിരീടം ചൂടിയത്. ഇതടക്കം മൊത്തം ആറ് ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സാമന്ത ഡബിള്‍സില്‍ ലോക ഒന്നാം നമ്പറുമായിട്ടുണ്ട്.