സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.
സിപിഎമ്മിനു കിട്ടുന്ന ഓരോ സീറ്റും കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് അധികാരത്തില്‍ തിരിച്ചുവരാനുള്ള അവസരമാണെന്ന് ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്നവര്‍ ഓര്‍മിക്കണം. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കിട്ടുന്ന ഓരോ സീറ്റും നിര്‍ണായകമാണ്. ബിജെപിക്കു കിട്ടുന്നതിനേക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടിയാലേ മോദിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയൂ. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫിനു നല്കാന് വോട്ടര്‍മാര്‍ തയാറാകണം� കണ്ണൂര്‍ പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആന്റണി.
ഇടതുപക്ഷ മുന്നണിയുടെ സഖ്യ കക്ഷികളായ എന്‍സിപി, ജെഡിയു പാര്‍ട്ടികള്‍ക്കു നല്ല ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും അവര്‍ സിപിഎമ്മുമായി സഹകരിക്കുന്നില്ല. സിപിഎമ്മിനെ ആര്‍ക്കും വേണ്ടാത്തതു കോണ്‍ഗ്രസിന്റെ കുറ്റമല്ല. പിണറായി വിജയന് പോലും കേരളത്തില്‍ കിടന്നു കറങ്ങുന്നതല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രസംഗിക്കാന്‍ പോലും പോകുന്നില്ല. ഇന്ത്യയെമ്പാടും ബിജെപിക്കു ബദല്‍ കോണ്‍ഗ്രസും മോദിക്കു ബദല്‍ രാഹുല്‍ ഗാന്ധിയും മാത്രമാണ് എന്നു വോട്ടര്‍മാര്‍ ഓര്‍മിക്കണം. ആന്റണി വ്യക്തമാക്കി.